ജപ്പാനെ തോൽപ്പിച്ച് ബെൽജിയം ക്വാർട്ടറിൽ

റോസ്തോവ് : അവസാന നിമിഷത്തിൽ ഒരു ഗോളും ജയവും. ബെൽജിയത്തിന് കോളടിച്ചു. ജപ്പാനെ തോൽപ്പിച്ച് ക്വാർട്ടറിൽ. ആവേശകരമായ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ ജയം. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമാംവണ്ണം തിരിച്ചുവന്ന ബെൽജിയം അവസാന ശ്വാസത്തിൽ നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ മറികടന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലാണ് എതിരാളികൾ.
അന്പത്തിരണ്ട് മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ജപ്പാൻ. 48-ാം മിനിറ്റിൽ ഹരാഗുച്ചിയും 52ാം മിനിറ്റിൽ ഇന്യൂയിയുമാണ് ബെൽജിയത്തെ ഞെട്ടിച്ച് ജപ്പാന് ലീഡ് നേടികൊടുത്തത്. എന്നാൽ, നാലു മിനിറ്റിൽ രണ്ട് ഗോൾ മടക്കി ബെൽജിയം തിരിച്ചുവന്നു. 69-ാം മിനിറ്റിൽ വെർട്ടോൻഗനും 74-ാം മിനിറ്റിൽ പകരക്കാരൻ ഫെല്ലെയ്നിയുമാണ് ബെൽജിയത്തെ ഒപ്പമെത്തിച്ചത്. മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മറ്റൊരു പകരക്കാരൻ ചാഡ്ലി വിജയഗോൾ നേടി ജയമൊരുക്കി.
ഒരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു വിജയഗോളിന്റെ പിറവി. തോമസ് മ്യൂനിയറുടെ ബോക്സിലേയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പായി വലത് മൂലയിൽ നിന്ന് ഇടത്തോട്ട് നൽകിയ ചെറിയൊരു ക്രോസ് ലുക്കാക്കു മിസ് ചെയ്ത് ചാഡ്ലിയെ ലക്ഷമാക്കി കൊടുക്കുകയായിരുന്നു. കൃത്യമായി ഓടിയെത്തിയ ചാഡ്ലിയത് വലയിലെത്തിക്കുകയും ചെയ്തു. ബെൽജിയത്തിനുപോലും വിശ്വസിക്കാൻ പറ്റാത്ത ജയം. അതോടെ അവർ ക്വാർട്ടർ ഉറപ്പിച്ചു.