ലോകകപ്പ് ക്വാർട്ടറിൽ ബ്രസീലിന് തോൽവി : ബെൽജിയം സെമിയിൽ

കസാൻ : ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി ബെൽജിയം സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ ജയം. മുൻനിര ടീമുകളായ അർജന്റീനയ്ക്കും ജർമനിക്കും സ്പെയിനിനും പോർച്ചുഗലിനും പിന്നാലെ മഞ്ഞപ്പടക്കും റഷ്യയിൽ നിന്ന് മടക്കം. ജൂലൈ 10-ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ബെൽജിയം ഫ്രാൻസിനെ നേരിടും.
ആദ്യ മിനിറ്റുകൾ മുതൽ ആക്രമണത്തിലൂന്നി ബ്രസീലും തക്കംപാർത്തിരുന്ന് തട്ടിയെടുക്കുന്ന പന്തുമായി പ്രത്യാക്രമണം നടത്തി ബെൽജിയവും കളം നിറഞ്ഞു. ആദ്യപകുതിയിൽ വീണ രണ്ട് ഗോളുകളാണ് ബ്രസീലിനെ വീഴ്ത്തിയത്. 13ാം മിനിറ്റിൽ ഫെർണാണ്ടീഞ്ഞോയുടെ ഓൺഗോളും 31ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്നെയുടെ ലോംഗ്റേഞ്ച് ഗോളും. തുടക്കം മുതൽ ഒഴുക്കോടെ ആക്രമിച്ചു കയറിയ ബ്രസീലിനെ വ്യക്തമായ പദ്ധതിയുമായി ബെൽജിയം വീഴ്ത്തുകയായിരുന്നു.
13ാം മിനിറ്റിൽ ഡി ബ്രുയ്നെടുത്ത കോർണർ കിക്കിൽ തലവെച്ച വിൻസെന്റ് കൊംപനി ഗോളിലേക്ക് പന്ത് തിരിച്ചുവിട്ടു. അത് തടയാൻ ഉയർന്ന് ചാടിയ ഫെർണാണ്ടീഞ്ഞോയുടെ ചുമലിൽ തട്ടി ഗതിമാറിയ പന്ത് ബ്രസീൽ വലയിൽ. പിന്നീടങ്ങോട്ട് ഗോൾ മടക്കാനായി ബ്രസീൽ മുന്നേറ്റനിരയുടെ അതിവേഗ ആക്രമണമായിരുന്നു. 25ാം മിനിറ്റിൽ മാഴ്സലോ തൊടുത്ത ഇടംകാൽ ഷോട്ടിന് ബെൽജിയം ഗോൾകീപ്പർ തടസം നിന്നു. എന്നാൽ 31-ാം മിനിറ്റിൽ ബെൽജിയം ലീഡ് ഉയർത്തി. ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുക്കാക്കു നൽകിയ പാസ് പിടിച്ചെടുത്ത ഡി ബ്രുയിൻ പന്തുമായി ബോക്സിലേക്ക് ഓടിക്കയറിയ ശേഷം തൊടുത്ത ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അലിസണിന് ഒരവസരവും നൽകാതെ വലയിൽ പതിച്ചു.
ബ്രസീലിന്റെ ആക്രമണങ്ങളോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഇടവേളയ്ക്ക് ശേഷം തന്ത്രം മാറ്റിയെത്തിയ ബ്രസീൽ ആക്രമണത്തിലേക്ക് തിരിഞ്ഞപ്പോൾ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ബെൽജിയം നേരിട്ടത്. ഗോൾ മടക്കാൻ കിണഞ്ഞു പൊരുതിയ ബ്രസീൽ 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്റ്റോയിലൂടെ ഒരു ഗോൾ മടക്കി. പൗളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോൾ. അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീൽ പൊരുതിയെങ്കിലും ഭാഗ്യം തുണച്ചില്ല. 93ാം മിനിറ്റിൽ നെയ്മർ ക്രോസ് ബാറിന് തൊട്ടുരുമി നൽകിയ ഷോട്ട് ഗോളി വിരൽ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവിൽ ബെൽജിയത്തിന്റെ സുവർണ തലമുറ ലോകകപ്പിന്റെ സെമിയിലേക്ക് മാർച്ച് ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ബെൽജിയത്തിന്റെ രണ്ടാം സെമിഫൈനൽ പ്രവേശനമാണ് ഇത്. 1986ലാണ് അവർ അവസാനമായി സെമി കളിച്ചത്.