അർജന്റീനയേയും ഇറാഖിനേയും വീഴ്ത്തി ഇന്ത്യൻ യുവനിര


അമ്മാൻ : ഏഷ്യൻ കരുത്തരായ ഇറാഖിനെയും ലാറ്റിനമേരിക്കൻ ശക്തിയായ അർജന്റീനയെയും തോൽപ്പിച്ച് ഇന്ത്യൻ യുവനിര. ഇന്ത്യയുടെ യുവനിര രാജ്യാ­ന്തര തലത്തിൽ നേടിയ രണ്ടു മിന്നും ജയങ്ങളിൽ ഫുട്ബോൾ ലോകം അതിശയം കൊണ്ടിരിക്കുകയാണ്. അണ്ടർ 16 വാഫ് ടൂർണമെന്റിൽ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെയാണ് ഇന്ത്യ അട്ടിമറിച്ചത്. അണ്ടർ 20 ടീം ഫുട്ബോളിൽ അതികായന്മാരായ, ആറുവട്ടം അണ്ടർ 20 ലോക കിരീടം ചൂടിയ അർജന്റീനയെ­യാണ് ഇന്ത്യ തകർത്തത്.

ഇഞ്ചുറി ടൈമിൽ പിറന്ന ഏക ഗോളിന്റെ ബലത്തിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. 93ാം മിനുറ്റിൽ ഭുവനേഷിന്റെ ഹെഡറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തെ ജപ്പാനെതിരേയും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ മത്സരം 2−1ന് ഇന്ത്യ തോൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോട്ടിഫ് കപ്പിൽ അർജന്റീനയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യ അണ്ടർ 20 ടീമിന്റെ ജയം. മത്സരത്തിൽ അര മണിക്കൂറിലറെ പത്ത് പേരുമായി കളിച്ചാണ് ഇന്ത്യ അർജന്റീനയ്ക്കതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. നാലാം മിനിറ്റിൽ തന്നെ ദീപക് താംഗ്രയിലൂടെ ഗോൾ നേടിയ ഇന്ത്യ ആദ്യ പകുതിയിൽ 1−0ത്തിന് മുന്നിലെത്തി. നി­ന്തോയിയുടെ കോർണർ കിക്കിന് ദീപക് താംഗ്ര തലകൊണ്ട് പന്ത് ഗോളിലക്ക് തിരിച്ചുവിടുകയായിരുന്നു.

എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ഇന്ത്യൻ താരം അനികത് ജാദവ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. എന്നാൽ വീര്യം ഒട്ടും ചോരാതെ പോരാടിയ ഇന്ത്യൻ ടീം 68­ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് അൻവർ അലി വലയിലെ­ത്തിച്ചു.73­ാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും തുടർന്നുള്ള 20 മിനിറ്റ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതോടെ, ഇന്ത്യ പുതിയ ചരിത്രം രചിച്ചു.

You might also like

Most Viewed