കേരളത്തിന് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം : മാച്ച് ഫീ ദുരിതാശ്വാസത്തിന്


ന്യൂഡല്‍ഹി : പ്രളയക്കെടുതിൽ നിന്ന് കരകയറുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൽസരത്തിലെ മുഴുവൻ മാച്ച് ഫീയും കേരളത്തിനായി ടീം നൽകുമെന്നാണ് റിപ്പോർട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോളമാണ് ലഭിക്കുന്നത്.

ടെസ്റ്റ് മൽസരത്തിൽ ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസർവ് താരങ്ങൾ‌ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മൽസരത്തിനു ശേഷം വിജയം കേരളത്തിലെ പ്രളയബാധിതർക്ക് സമർപ്പിക്കുന്നതായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി പറഞ്ഞിരുന്നു. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണെന്നും ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിതെന്നും കോഹ്‍ലി പറഞ്ഞിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.

അതേസമയം, ക്യാപറ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസ്റ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിൽ മാൻ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി.

You might also like

Most Viewed