ആദ്യ ഹോം മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്


കൊച്ചി : ഒരു നിമിഷത്തെ അശ്രദ്ധയിൽ വിജയം കൈവിട്ട ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ഹോം മൽസരത്തിൽ സമനിലക്കുരുക്ക്. ആദ്യപകുതിയിൽ ഹാലിചരൺ നർസാരി നേടിയ ഗോളിൽ മൽസരത്തിന്റെ മുഴുവൻ സമയത്തും മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ്, ഇൻജുറി സമയത്ത് പ്രഞ്ജാൽ ഭൂമിജ് നേടിയ ഗോളിലാണ് മുംബൈ സിറ്റി എഫ്‌സിയുമായി സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്‌സിന് നാലു പോയിന്റായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും നാലു പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ആദ്യ മൽസരത്തിൽ ജംഷഡ്‌പുരിനോടു തോറ്റ മുംബൈയ്ക്ക് ആദ്യ പോയിന്റാണ് കൊച്ചിയിൽനിന്നു ലഭിച്ചത്. ഈ മാസം 20ന് കൊച്ചിയിൽത്തന്നെ ഡൽഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം.

ഇൻജുറി ടൈമിൽ വഴങ്ങിയ സമനില ഗോളിനേക്കാൾ ആരാധകരെ വിഷമിപ്പിക്കുക മൽസരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിക്കളഞ്ഞ സുവർണാവസരങ്ങളാകും. മതായ് പോപ്ലാട്‌നിക്, സ്ലാവിസ് സ്റ്റോയനോവിച് എന്നീ സ്ട്രൈക്കർമാർ മാത്രം അര ഡസനോളം അവസരങ്ങളാണ് ഇരുപകുതികളിലുമായി നഷ്ടമാക്കിയത്. സെയ്‌മിൻലൻ ദുംഗൽ, പെക്കൂസൻ തുടങ്ങിയവർ പാഴാക്കിയ അവസരങ്ങൾ വേറെ. ഹോം മൈതാനത്തിന്റെ ആനുകൂല്യവും പതിനായിരക്കണക്കിന് ആരാധകരുടെ പ്രോത്സാഹനവും ഉണ്ടായിട്ടും മഞ്ഞപ്പട ഉറപ്പായ വിജയം കൈവിട്ടത് നിരാശപ്പെടുത്തുന്ന കാഴ്ചയായി.

You might also like

Most Viewed