യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് കന്നി സ്വർണം


ബ്യൂണസ് ഐറീസ് : യൂത്ത് ഒളിംപിക്സിൽ ഇന്ത്യക്ക് കന്നി സ്വർണം. രാജ്യത്തിനായി ആദ്യ സ്വർണം നേടിയതിന്റെ പത്തരമാറ്റു തിളക്കത്തിലാണു ജെറമി ലാൽറിനുംഗ. ഭാരോദ്വഹനത്തിലെ 62 കിലോഗ്രാം വിഭാഗത്തിൽ 274 കിലോഗ്രാം ഭാരം പുഷ്പം പോലെ എടുത്തുയർത്തിയ മിസോറമിൽ‌ നിന്നുള്ള 15 വയസ്സുകാരൻ! സ്നാച്ച് വിഭാഗത്തിൽ 124 കിലോയും, ക്ലീൻ ആൻഡ് ജെർക്കിൽ 150 കിലോയും ഉയർത്തിയാണു ലാൽറിനുംഗ സ്വർണമണിയുന്നത്.

ഭാരോദ്വഹനത്തിൽ ദേശീയ യൂത്ത് ചാംപ്യൻഷിപ്പിൽ ആദ്യം മൽസരിച്ച 50 കിലോഗ്രം വിഭാഗത്തിൽ ദേശീയ റെക്കോർഡോടെ സ്വർണമണിഞ്ഞ ലാൽറിനുംഗ പിന്നീടു വിജയ് ശർമയുടെ ശിക്ഷണത്തിലായിരുന്നു. പുതിയ കോച്ചിന്റെ ആവശ്യപ്രകാരം വർ‌ധിപ്പിച്ച ശരീരഭാരവുമായി 56 കിലോഗ്രാം വിഭാഗത്തിൽ മലേഷ്യയിലെ ലോക യൂത്ത് വെയ്റ്റ് ലിഫ്റ്റിങ് മൽസരത്തിനിറങ്ങിയ ലാൽറിനുംഗ വെള്ളി മെഡലുമായി മടങ്ങി.

യൂത്ത് കോമൺവെൽത്തിൽ 62 കിലോഗ്രാമിലേക്കു ചുവടുമാറ്റിയ ലാൽറിനുംഗ അവിടെ സ്വർണമണിഞ്ഞത് 273 കിലോഗ്രം ഉയർത്തി‌യാണെങ്കിൽ യൂത്ത് ഒളിംപിക്സിൽ ഇതു വീണ്ടും മെച്ചപ്പെട്ട് 274ൽ എത്തി നിൽക്കുന്നു. 15 കാരൻ ലാൽറിനുംഗ വരും നാളുകളിലും ഈ മികവും തുടർന്നാൽ ഒളിംപിക് സ്വർണം എന്നത് അപ്രാപ്യമല്ല എന്നാണു വിദഗ്ധരുടെ അഭിപ്രായം.

You might also like

Most Viewed