ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പറഞ്ഞില്ലെന്നു താരങ്ങൾ


ന്യൂഡൽഹി : സിലക്ടർമാർക്കും താരങ്ങൾക്കുമിടയിലെ ‘കമ്മ്യൂണിക്കേഷൻ ഗ്യാപ്’ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനുതലവേദനയാകുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നു സീനിയർ താരങ്ങളായ ശിഖർ ധവാൻ, മുരളി വിജയ്, മിഡിൽ ഓർഡർ ബാറ്റ്സ്മാൻ കരുൺ നായർ തുടങ്ങിയവരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുള്ള സിലക്ടർമാരുടെ പ്രതികരണമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പുറത്തായ താരങ്ങളുമായി ആശയവിനിമയം നടത്തിയെന്ന സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദിന്റെ വാക്കുകൾ ഇതോടെ സംശയത്തിന്റെ നിഴലിലായി.

കാര്യങ്ങൾ കൈവിട്ടതോടെ സി‌ലക്ഷൻ പാനലും കോച്ച് രവി ശാസ്ത്രിയും വിരാട് കോഹ്‌ലിയും പങ്കെടുക്കുന്ന യോഗം വിളിക്കാൻ ബിസിസിഐ ഭരണ സമിതി തീരുമാനിച്ചു. ആശയവിനിമയത്തിലെ തകരാറിനെക്കുറിച്ചായിരിക്കും മുഖ്യ ചർച്ച. ബോർഡുമായി കരാറിൽ ഏർപ്പെടുന്ന കളിക്കാർ പുലർത്തേണ്ട അച്ചടക്കത്തെക്കുറിച്ചും ചർച്ച ചെയ്യും. ഒരു പരമ്പര തീർന്നു 30 ദിവസത്തിനു ശേഷമേ അതിനെക്കുറിച്ചു മാധ്യമങ്ങളോടു താരങ്ങൾ സംസാരിക്കാൻ പാടുള്ളുവെന്നു കരാറിലുണ്ട്. കരുൺ നായരും മുരളി വിജയും ഇതു ലംഘിച്ചുവെന്ന് ഇന്നത്തെ യോഗം വിലയിരുത്തിയാൽ രണ്ടു പേരും നടപടി നേരിടേണ്ടതായും വന്നേക്കാം.

You might also like

Most Viewed