​ക്രിക്കറ്റ് ഒത്തുകളി വിവാദം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് അൽ ജസീറ ​


ഡൽഹി: ടി 20 ലോകകപ്പ് ഉള്‍പ്പടെ 2011-12 കാലഘട്ടത്തിലെ നിരവധി മത്സരങ്ങളിൽ വാതുവെപ്പ് നടന്നതായി തെളിവുകള്‍ സഹിതം    അല്‍ ജസീറ മാധ്യമത്തിന്റെ റിപ്പോർട്ട്.   15 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒത്തുകളി നടന്നതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. .  ആറ് ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി -20 മത്സരങ്ങളിലുമാണ് ഒത്തുകളി നടന്നത്. 2011 ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട്- ഇന്ത്യ ടെസ്റ്റ് മല്‍സരവും ഇതിലുള്‍പ്പെടും. മത്സരം പൂര്‍ണമായും ഒത്തുകളിക്കുന്നതിന് പകരം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന സ്‌പോട്ട് ഫിക്‌സിംഗാണ് നടന്നത്. 15 മത്സരങ്ങളിലായി ആകെ 26 ഒത്തുകളികളാണ് നടന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നീ ടീമുകളിലെ പല പ്രമുഖ താരങ്ങളും ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി അല്‍ജസീറ വെളിപ്പെടുത്തി.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ചാനല്‍ അറിയിച്ചിട്ടുണ്ട്. വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീല്‍ മുനവറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ചാനല്‍ പറഞ്ഞു. ഇയാള്‍ പല പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, പാക് താരം ഉമര്‍ അക്മല്‍ എന്നിവര്‍ക്കൊപ്പമുളള അനീലിന്റെ ചിത്രങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. അനീല്‍ മുനവറിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും ചാനല്‍ പറയുന്നു. അതെസമയം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

You might also like

Most Viewed