ബൽജിയത്തിനെതിരെ സമനില : ലോകകപ്പ് ഹോക്കി പൂൾ സിയിൽ ഇന്ത്യ ഒന്നാമത്


ഭുവനേശ്വർ : ഒളിംപിക്സ് വെള്ളി മെഡൽ ജേതാക്കളായ ബൽജിയത്തിനെതിരെ പൊരുതി നേടിയ 2–2 സമനിലയുമായി ഇന്ത്യ ലോകകപ്പ് ഹോക്കി പൂൾ സിയിൽ ഒന്നാമത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച് കരുത്തു പ്രകടിപ്പിച്ച ഇന്ത്യയ്ക്ക് അവസാന നിമിഷങ്ങളിൽ സമനില ഗോൾ വഴങ്ങേണ്ടി വന്നു.

എട്ടാം മിനിറ്റിൽ അലെനാൻഡർ ഹെൻഡ്രിക്സിന്റെ ഗോളിൽ ബൽജിയമാണു മുന്നിലെത്തിയത്. പക്ഷേ, ലോക മൂന്നാം സ്ഥാനക്കാരായ ബൽജിയത്തിനെതിരെ ലോക റാങ്കിങ്ങിൽ അഞ്ചാമതുള്ള ഇന്ത്യൻ ടീം ആത്മവിശ്വാസത്തോടെ പൊരുതി. മൂന്ന്, നാല് ക്വാർട്ടറുകളിലായി 2 ഗോളുകൾ നേടിയതോടെ കളി വട്ടം തിരിഞ്ഞു. ഹർമൻപ്രീത് സിങ് (39), സിമ്രൻജിത് സിങ് (47) എന്നിവരായിരുന്നു സ്കോറർമാർ.

വിജയത്തിലേക്കെന്നു കരുതിയ നേരത്ത്, അവസാന മിനിറ്റുകളിൽ ആഞ്ഞടിച്ച ബൽജിയത്തിനു മുന്നിൽ ഇന്ത്യൻ പ്രതിരോധത്തിനു പിഴച്ചു. അതിലൊരു അവസരം മുതലാക്കിയ സൈമൺ ഗൗങ്നാർദ് 56–ാം മിനിറ്റിൽ സന്ദർശകർക്കു സമനില ഗോൾ സമ്മാനിച്ചു (2–2).

പൂൾ സിയിൽ ഒന്നു വീതം ജയവും സമനിലയുമായി ഇന്ത്യയ്ക്കും ബൽജിയത്തിനും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ഇന്ത്യ മുന്നിലെത്തിയത്. ബൽജിയം കാനഡയോടു 2–1നു കഷ്ടിച്ചു ജയിപ്പോൾ ദക്ഷിണാഫ്രിക്കയെ 5–0ന് കീഴടക്കാനായതാണ് ഇന്ത്യയ്ക്കു ഗുണമായി. എട്ടിന് കാനഡയ്ക്ക് എതിരെയാണ് ഇന്ത്യയുടെ പൂളിലെ അവസാന മൽസരം.

You might also like

Most Viewed