ഹോക്കി ലോകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനോട് തോറ്റ് ഇന്ത്യ പുറത്ത്


ഭുവനേശ്വർ : ഹോക്കി ലോകപ്പിൽ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനോട് 2–1നു തോറ്റ ഇന്ത്യ ടൂർണമെന്റിനു പുറത്തായി. 12–ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിന്റെ ഗോളിൽ ലീഡ് നേടിയതിനുശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 1975ലെ ഹോക്കി ലോകകപ്പ് നേട്ടത്തിനു ശേഷം ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായിട്ടില്ല എന്ന നാണക്കേട് ഇന്ത്യയെ ഇത്തവണയും പിടികൂടി. ദിൽപ്രീത് സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ കണ്ണീരോടെയാണു മൈതാനം വിട്ടത്.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ് നേടി. ഡച്ച് താരം ഇന്ത്യയുടെ ഗോൾഷോട്ട് ബോക്സിനുള്ളിൽ ശരീരം കൊണ്ടു തടുത്തതിനു ലഭിച്ച പെനൽറ്റി കോർണറാണു ഗോളായി പരിണമിച്ചത്. ഹർമൻപ്രീത് സിങിന്റെ കരുത്തുറ്റ ഷോട്ട് ഡച്ച് ഗോളി തട്ടിയകറ്റിയെങ്കിലും പോസ്റ്റിനു തൊട്ടുമുന്നിൽ നിലയുറപ്പിച്ച ആകാശ്ദീപ് സിങ് ഇന്ത്യയ്ക്കു ലീഡ് നൽകി (1–0).

ആദ്യ ക്വാർട്ടർ അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയുള്ളപ്പോൾ തിയറി ബ്രിൻക്മാന്റെ ഫീൽഡ് ഗോളിൽ ഓറഞ്ച് പട ഒപ്പമെത്തി. പിന്നീടുള്ള രണ്ടു ക്വാർട്ടലിലും ഇരു ടീമുകളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ 50–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്നു ഗോളടിച്ച വാൻ ഡെർ വീർഡെൻ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. (2–1) പിന്നീടു ലക്ഷ്യം തെറ്റിവന്ന ഇന്ത്യൻ മുന്നേറ്റങ്ങളെ തടുത്തു നിർത്തിയ ഡച്ച് പട വിജയവും പിടിച്ചെടുത്തു. മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങിന്റെ തകർപ്പൻ പാസിൽനിന്നു ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള സുവർണാവസരം ആകാശ്ദീപ് സിങ് പാഴാക്കിയതും ഇന്ത്യയ്ക്കു വിനയായി.

You might also like

Most Viewed