ജയം രണ്ട് വിക്കറ്റ് അകലെ; നാളെ കനത്ത മഴക്ക് സാധ്യത


മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമായ നാളെ ജയത്തിനായി രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തേണ്ട ഇന്ത്യയ്ക്ക് മുന്നിൽ മഴ തടസ്സമായേക്കുമെന്ന് റിപ്പോർട്ട്. മെൽ‍ബണിൽ നാളെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്ത് അവസാന ദിവസത്തെ കളി നഷ്ടമായാൽ ഓസീസ് സമനിലയുമായി രക്ഷപ്പെടാം.

നാലാം ദിവസമായ ഇന്ന് കളി തുടരുന്പോൾ എട്ട് വിക്കറ്റിന് 258 റൺസ് എന്ന നിലയിലാണ് ഒാസീസ്. രണ്ട് വിക്കറ്റ് മാത്രം കൈയ്യിലിരിക്കെ ഓസ്ട്രേലിയയ്ക്ക് 141 റൺസ് കൂടി വേണം. രണ്ട് വിക്കറ്റ് കൂടി സ്വന്തമാക്കിയാൽ‍ ഇന്ത്യക്ക് പരന്പരയിൽ‍ 2−1−ന് മുന്നിലെത്താം.

പാറ്റ് കമ്മിൻസ് (61), ലയൺ (ആറ്) എന്നിവരാണ് ക്രീസിൽ‍. ഓപ്പൺമാരായ മർക്കസ് ഹാരിസ് (13), ആരോൺ ഫിഞ്ച് (മൂന്ന്), ഉസ്മാൻ ഖവാജ (33), ഷോൺ മാർഷ് (44), ട്രാവിസ് ഹെഡ് (34), മിച്ചൽ‍ മാർ‍ഷ് (10), ടിം പെയ്ൻ (26), മിച്ചൽ സ്റ്റാർക് (18) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി എന്നിവർ രണ്ടും വിക്കറ്റ് നേടി. ഇഷാന്ത് ശർമയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു

നേരത്തെ രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റിന് 106 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റിന് 54 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗർവാൾ (42), രവീന്ദ്ര ജഡേജ (അഞ്ച്), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്ലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

You might also like

Most Viewed