സിഡ്നിയിലും പൂജാരയ്ക്ക് സെഞ്ചുറി; ഇന്ത്യ കൂറ്റൻ‍ സ്കോറിലേക്ക്


സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ‍ ഇന്ത്യക്ക് മികച്ച തുടക്കം. പരന്പരയിലെ മൂന്നാം സെഞ്ചുറി നേടിയ ചേതേശ്വർ‍ പൂജാരയുടെയും തുടർ‍ച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറിയുമായി തിളങ്ങിയ മായങ്ക് അഗർ‍വാളിന്റെയും ബാറ്റിംഗ് മികവിൽ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്താണ് ഇന്ത്യ ക്രീസ് വിട്ടത്. 130 റൺസുമായി പൂജാരയും 39 റൺ‍സുമായി ഹനുമാ വിഹാരിയും ക്രീസിൽ‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ‍ ഇരുവരും ചേർന്ന് 75 റൺസ് അടിച്ചെടുത്തു.

സിഡ്നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ടോസ് തുണച്ചപ്പോൾ ബാറ്റിംഗ് തെരഞ്ഞെടുക്കാൻ ക്യാപ്റ്റൻ വിരാട് കോഹ്്ലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ.എൽ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ ഒരിക്കൽ കൂടി രാഹുൽ (9)തുടക്കത്തിലേ മടങ്ങി. 10 റൺസ് മാത്രമാണ് അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നുള്ളു. എന്നാൽ വൺഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാൻ ലിയോണിനെ സിക്സറടിക്കാനുള്ള ശ്രമത്തിൽ 77 റൺസെടുത്ത് പുറത്തായി. 34−ാം ഓവറിലെ നാലാം പന്തിൽ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച മായങ്ക്‍ ഒരു പന്തിന്‍റെ ഇടവേളയിൽ വീണ്ടും കടന്നാക്രമിക്കാൻ‍ ശ്രമിച്ചപ്പോൾ ലോങ് ഓണിൽ‍ സ്റ്റാർക്ക് പിടിച്ച് പുറത്താക്കുകയായിരുന്നു. 

126ന് 2 എന്ന സ്കോറിൽ പൂജാരയ്ക്ക് കൂട്ടായി വിരാട് കോഹ്്ലി ക്രീസിലെത്തി. മികച്ച തുടക്കമിട്ട കോഹ്്ലിയെ(23) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തിൽ ഹേസൽ‍വുഡ്, ടിം പെയ്നിന്റെ കൈകകളിലെത്തിച്ചു. 180 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ‍. രഹാനെയും (18) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാർക്കിന്റെ അതിവേഗ ബൗൺ‍സറിൽ വീണു.

പിന്നാലെ എത്തിയ ഹനുമാ വിഹാരിയിൽ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി. ഇതിനിടെ പരന്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരിൽ കുറിച്ചു. ഓസീസിനായി ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു.

You might also like

Most Viewed