പന്തിനും സെഞ്ചുറി; സിഡ്‌നിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ


സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഏഴ് വിക്കറ്റിന് 622 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം ചേതേശ്വർ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭ് പന്ത് സെഞ്ചുറി നേടി. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര (193)യ്ക്ക് പുറമെ ഹനുമ വിഹാരി (42)യുടെയും രവീന്ദ്ര ജഡേജ (81) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. 159 റൺസ് നേടിയ ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 189 പന്തിൽ 15 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് പന്തിന്റെ ഇന്നിംഗ്സ്. ഏഴാം വിക്കറ്റിൽ പന്ത് - ജഡേജ സഖ്യം ഇന്ത്യയ്ക്കായി 204 റൺസ് കൂട്ടിച്ചേർത്തു.

നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാൽ തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റൺ കൂടി കൂട്ടിച്ചേർ‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് വിഹാരിയെ നഷ്ടമായി. നഥാൻ‍ ലിയോണിനാണ് വിക്കറ്റ്. എന്നാൽ പിന്നീട് ഒത്തുച്ചേർന്ന പന്ത് - പൂജാര സഖ്യം 89 റൺസ് കൂട്ടിച്ചേർത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റൺ‍സെടുത്ത പൂജാരയെ സ്വന്തം പന്തിൽ‍ നഥാൻ ലിയോൺ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികൾ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തിൽ 22 ബൗണ്ടറി ഉൾപ്പെടെയാണ് പൂജാര 193 റൺസെടുത്തത്. 

You might also like

Most Viewed