കരുത്തരായ ജപ്പാനെ വീഴ്ത്തി : ഏഷ്യൻ കപ്പ് കിരീടം ഖത്തറിന്


അബുദാബി : ഏഷ്യൻ കപ്പ് കിരീടം ഖത്തറിന്. നാലു വട്ടം ജേതാക്കളും ഏഷ്യയിലെ കരുത്തരുമായ ജപ്പാനെ 3–1നു വീഴ്ത്തിയാണു ഖത്തർ കന്നി കിരീടം നേടിയത്. രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന വിജയത്തോടെ 2022ൽ നാട്ടിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള മുന്നൊരുക്കവും ഖത്തർ ഭംഗിയാക്കി. ഫിഫ റാങ്കിങിൽ 50–ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യമായാണ് ഏഷ്യൻ കപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.

ഫിഫ റാങ്കിങിൽ 93–ാം സ്ഥാനക്കാരായ ഖത്തർ ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. ഖത്തർ ഏഷ്യൻ കപ്പ് കിരീടം നേടുമെന്നു ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപു പ്രവചിച്ച മുൻ സ്പാനിഷ് താരം ചാവി ഹെർണാണ്ടെസിന്റെ വാക്കുകൾ ഇതോടെ യാഥാർഥ്യമായി. വിജയത്തിനു വേണ്ടി ആക്രമിച്ചു കളിച്ച ഖത്തർ 12–ാം മിനിറ്റിൽ അൽമോസ് അലിയിലൂടെ ആദ്യ ഗോൾ നേടി (1–0). 27–ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാത്തിമിലൂടെ ഖത്തർ ലീഡ് വർധിപ്പിച്ചു (2–0).

69–ാം മിനിറ്റിൽ ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തർ ഗോൾ വഴങ്ങി (2–1). തകുമിയായിരുന്നു സ്കോറർ. ഒരു ഗോൾ മടക്കിയതിന്റെ ആവേശത്തിൽ ജപ്പാൻ താരങ്ങൾ ആക്രമിച്ചു കളിച്ചതോടെ ഖത്തർ പ്രതിരോധ കോട്ട ശക്തമാക്കി. ഇതിനിടെ, ക്യാപ്റ്റൻ മയ യോഷിദയുടെ ഹാൻഡ്ബോളിൽ നിന്നു ലഭിച്ച പെനാൽറ്റി അക്രം അഫിഫ് വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂർണമായി (3–1).

You might also like

Most Viewed