ടി20: ഇന്ത്യയ്ക്ക് തകർപ്പൻ ജയം


ന്യൂസിലൻഡിനെതിരെ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ മറികടന്നത്. ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പരയിൽ  ഇന്ത്യ 1-1ന് കിവീസിന് ഒപ്പമെത്തി. ഞായറാഴ്ച്ച നടക്കുന്ന മൂന്നാം മത്സരമാകും പരന്പര വിജയികളെ തീരുമാനിക്കുക.

ന്യൂസിലാൻഡ് ഉയർത്തിയ 159 എന്ന വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റിൽ രോഹിത്തും ധവാനും ചേർത്ത് 79 റൺ‍സിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 29 പന്തിൽ‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം 50 റൺസ് സ്വന്തമാക്കിയ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തൊട്ട് പിന്നാലെ ടീം സ്‌കോർ 88ൽ നിൽക്കെ 30 റൺസുമായി ധവാനും മടങ്ങി. പിന്നീട് എട്ട് പന്തിൽ ഒരു ഫോറും ഒരു സിക്‌സും വീതം നേടി 14 റൺസെടുത്ത വിജയ്ശങ്കറിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ കൂടുതൽ വിക്കറ്റുകൾ പൊഴിക്കാതെ പന്തും ധോണിയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. പന്ത് 28 പന്തിൽ 40ഉം ധോണി 17 പന്തിൽ‍ 20ഉം റൺ‍സെടുത്ത് പുറത്താകാതെ നിന്നു

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ധ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദുമാണ് പിടിച്ച് കെട്ടിയത്. നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് ക്രുനാൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഖലീലാകട്ടെ നാല് ഓവറിൽ 27 റൺസ് മാത്രമാണ് വഴങ്ങിയത്. ഭുവനേശ്വർ കുമാറും ഹാർദ്ദിക്ക് പാണ്ധ്യയും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

You might also like

Most Viewed