പുൽവാമ ഭീകരാക്രമണം: പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബി.സി.സി.ഐ


ന്യൂഡൽഹി: പുൽ‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ‍ ക്രിക്കറ്റ് ലോകകപ്പിൽ‍ പോലും പാകിസ്ഥാനെതിരെ ഇന്ത്യ  കളിക്കരുതെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിൽ‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർ‍ക്കാരാണെന്നും ഏതാനും ആഴ്ചകൾ‍ക്കുള്ളിൽ‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.സി.സിഐ വൃത്തങ്ങൾ‍ അറിയിച്ചു.

മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പിൽ‍ ജൂൺ‍ 16−നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടേണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ‍ ഇന്ത്യ മത്സരം ബഹിഷ്‌കരിച്ചാൽ‍ പാകിസ്ഥാന് വെറുതെ മത്സരത്തിന്റെ പോയിന്റ് ലഭിക്കുമെന്നേയുള്ളു. ഇനി ഏതെങ്കിലും തരത്തിൽ‍ ഇരു ടീമുകളും തമ്മിൽ‍ ഒരു ഫൈനൽ‍ എന്ന നില വന്നാൽ‍പ്പാലും മത്സരം ബഹിഷ്‌കരിക്കണമെന്ന നിലപാടാണ് തങ്ങൾ‍ക്കെന്നും ബി.സി.സി.ഐ വൃത്തങ്ങൾ‍ വ്യക്തമാക്കി.

നേരത്തെ ഹർ‍ഭജൻ സിംഗ് അടക്കമുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളും ഇന്ത്യ ലോകകപ്പിൽ‍ പാകിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുൽ‍വാമയ്ക്ക് പിന്നാലെ പാകിസ്ഥാനുമായി കളിക്കില്ലെന്ന് ബി.സി.സി.ഐ അംഗവും ഐ.പി.എൽ‍ ചെയർ‍മാനുമായ രാജീവ് ശുക്ലയും അറിയിച്ചിരുന്നു. അതേസമയം ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ‍ മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് കഴിഞ്ഞ ദിവസം ഐ.സി.സി സി.ഇ.ഒ ഡേവി റിച്ചാർ‍ഡ്‌സൺ‍ അറിയിച്ചെങ്കിലും ഇക്കാര്യം പുനഃപരിശോധിക്കുമെന്ന നിലപാടിലാണിപ്പോൾ ഐ.സി.സി

ഈ മാസം 27ന് ദുബൈയിൽ‍ നടക്കുന്ന യോഗം ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് ചർ‍ച്ച ചെയ്യുമെന്ന് ഐ.സി .സി വൃത്തങ്ങൾ‍ അറിയിച്ചു.

You might also like

Most Viewed