ആദ്യ വനിതാ ക്രിക്കറ്റ് മാച്ച് റഫറിയാകാൻ ജി.​എ​സ്. ല​ക്ഷ്മി


ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഐ.സി.സി മാച്ച് റഫറി പാനലിലേക്കു വനിതാ അംഗത്തെ തിരഞ്ഞെടുത്തു. ഇന്ത്യയില്‍നിന്നുള്ള ജി.എസ്. ലക്ഷ്മിയാണ് (51) ആദ്യ വനിത മാച്ച് റഫറിയായി നിയമിതയായത്. ഇതോടെ ഐ.സി.സിയുടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാനും ലക്ഷ്മിക്ക് സാധിക്കും. ഐ.സി.സിയുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും പുതിയ ചുമതല ഏറ്റം ഭംഗിയായി നിര്‍വ്വഹിക്കുമെന്നും മുന്‍ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിക്ക് ആശംസകള്‍ നേരുന്നെന്നും ഐ.സി.സിയുടെ സുപ്രധാന ചുമതലകളിലേക്ക് കൂടുതല്‍ വനിതകളെത്തുന്നതിനു തുടക്കമാണിതെന്നും ഐ.സി.സി സീനിയര്‍ മാനേജര്‍ (അംപയേഴ്‌സ് ആന്‍ഡ് മാച്ച് റഫറീസ്) അഡ്രിയാന്‍ ഗ്രിഫിത് പറഞ്ഞു. 

1986 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ സൗത്ത് സെന്‍ട്രല്‍ റയില്‍വേസുള്‍പ്പെടെയുള്ള വിവിധ ക്രിക്കറ്റ് ടീമുകളില്‍ അംഗമായിരുന്ന ലക്ഷ്മി വിരമിച്ചശേഷവും കായിക രംഗത്ത് സജീവമായിരുന്നു. 2008 മുതല്‍ 2009വരെ ഇന്ത്യയില്‍ നടന്ന ആഭ്യന്തര വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ലക്ഷ്മി മാച്ച് റഫറിയായിരുന്നു. വനിതാ ക്രിക്കറ്റില്‍. മൂന്ന് ഏകദിനത്തിലും രണ്ടു 20 ട്വന്‍റി മത്സരങ്ങളിലും ലക്ഷ്മി മാച്ച് റഫറിയായിട്ടുണ്ട്.

You might also like

Most Viewed