ഇന്ത്യയോട് തോറ്റതിന് പിന്നാലെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് പാക് പരിശീലകൻ


 

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ താൻ മാനസികമായി തകർന്നുവെന്നും ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചിരുന്നുവെന്നും പാക് ക്രിക്കറ്റ് പരിശീലകൻ മൈക്കി ആർതറിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂൺ 16ന് ഇന്ത്യയോട് 86 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ പാക് ടീമിന് തങ്ങളുടെ ആരാധകരിൽ നിന്നും ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ലോകകപ്പിന്റെ സെമി ഫൈനൽ റൗണ്ടിലേക്കെത്താനുള്ള പാകിസ്ഥാന്റെ സാധ്യതകൾ കുറയ്‌ക്കാനും ഈ തോൽവിക്കായി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകപ്പ് സാധ്യതകൾ നിലനിറുത്തിയെങ്കിലും ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം പാകിസ്ഥാന് ഇതുവരെ തീർന്നിട്ടില്ല. 

കഴിഞ്ഞ ‌ഞായറാഴ്‌ച ഞാൻ ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നുവെന്നാണ് ആർതറുടെ വെളിപ്പെടുത്തൽ. എന്നാൽ ഒരു ദിവസത്തെ പ്രകടനം മാത്രമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഞാൻ പിന്മാറിയത്. തോൽവികൾ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആർതറുടെ പ്രസ്‌താവനയ്‌ക്കെതിരെയും അനുകൂലിച്ചും നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ജോലിയോടുള്ള ആത്മാർത്ഥത തെളിയിക്കുന്നതാണ് ആർതറുടെ പ്രസ്‌താവനയെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ 2007 ലോകകപ്പിനിടെ മരിച്ച പാക് പരിശീലനകൻ ബോബ് വൂൾമറിനെ അവഹേളിക്കുന്നതാണ് പ്രസ്‌താവനയെന്നാണ് മറുവിഭാഗത്തിന്റെ വാദം.

You might also like

Most Viewed