ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന് ആഷസ് പരന്പരയോടെ തുടക്കമാകും


ദുബൈ: രണ്ടു വർഷം നീണ്ടു നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പിന് ആഷസ് പരന്പരയോടെ തുടക്കമാകും. ചാന്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം 2021−ൽ ലോർഡ്സിൽ നടക്കും. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒന്പത് സ്ഥാനക്കാരാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക ടീമുകളാണ് ആദ്യ ഒന്പത് റാങ്കിലുള്ളത്. ടെസ്റ്റ് പരന്പരകളായാണ് ലോക ചാന്പ്യൻഷിപ്പിലെ മത്സരങ്ങൾ നടക്കുക. ഇതിൽ ആദ്യ പരന്പര ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരന്പരയാണ്. ആഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്.  

ഒരു ടീമിന് മൂന്നു വീതം ഹോം പരന്പരയും എവേ പരന്പരയുമുണ്ടാകും. ഇങ്ങനെ ആറു പരന്പരയാണ് ഒരു ടീം ആകെ കളിക്കേണ്ടത്. അങ്ങനെയെങ്കിൽ ഒരു ടീം ശേഷിക്കുന്ന എട്ടു ടീമുകൾക്കെതിരേ കളിക്കേണ്ടതില്ല. ആറു ടീമുകൾക്കെതിരേ കളിച്ചാൽ മതി. ഓരോ പരന്പരയിലും രണ്ടു മുതൽ അഞ്ചു വരെ മത്സരങ്ങളുണ്ടാകും. മത്സരങ്ങളുടെ എണ്ണം ഓരോ ക്രിക്കറ്റ് ബോർഡുകൾക്കും തീരുമാനിക്കാം. അങ്ങനെയെങ്കിൽ ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും. ഇംഗ്ലണ്ടിന് ആറു പരന്പരകളിലായി 22 മത്സരങ്ങളാണ് കളിക്കാനുള്ളത്. അതേസമയം ഇന്ത്യക്ക് 18 മത്സരങ്ങൾ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക −16, ഓസ്ട്രേലിയ− 19, വെസ്റ്റിൻഡീസ്− 15, ന്യൂസീലൻഡ്− 14, ബംഗ്ലാദേശ്− 14, പാകിസ്താൻ 13, ശ്രീലങ്ക− 13 എന്നിങ്ങനെയാണ് ഓരോ ടീമിനും കളിക്കാനുള്ള മത്സരങ്ങളുടെ എണ്ണം. ഇത്തരത്തിൽ 27 പരന്പരകളിലായി 72 ടെസ്റ്റ് മത്സരങ്ങളാണ് ആകെ നടക്കുക. 

You might also like

Most Viewed