വിൻഡീസിനെതിരായ ടി20 പരന്പര ഇന്ത്യയ്ക്ക്


ഫ്‌ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരന്പര ഇന്ത്യയ്ക്ക്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ രണ്ടാം ടി20യിൽ 22 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺ‍സ് നേടി. മറുപടി ബാറ്റിംങ്ങിൽ വിൻഡീസിന്റെ സ്‌കോർ 15.3 ഓവറിൽ നാലിന് 98 എന്ന നിലയിൽ നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.

മോശം തുടക്കമാണ് ഇന്ത്യക്കെതിരെ വിൻഡീസിന് ലഭിച്ചത്. എട്ട് റൺസെടുക്കുന്നതിനിടെ അവരുടെ ഓപ്പണർ‍മാരായ സുനിൽ നരെയ്‌നും (4), എവൻ‍ ലൂയിസും (0) പവലിയനിൽ തിരിച്ചെത്തി. പിന്നീടെത്തിയ റോവ്മാൻ പവലിന് മാത്രമാണ് (54) തിളങ്ങാൻ സാധിച്ചത്. നിക്കോളാസ് പൂരൻ 19 റൺ‍സെടുത്തു. കീറോൺ‍ പൊള്ളാർഡ് (8), ഷിംറോൺ‍ ഹെറ്റ്മയേർ (6) എന്നിവർ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രുനാൽ പാണ്ധ്യ രണ്ടും വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ രോഹിത് ശർമയുടെ (67) അർ‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രോഹിത്തിന്റെ കരുത്തിൽ ടീമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യങ്ങൾ ഏറ്റെടുക്കാൻ സാധിച്ചില്ല. അല്ലെങ്കിൽ ഇതിലും മികച്ച സ്‌കോർ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെൽ‍ഡൻ കോട്ട്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ശിഖർ ധവാൻ‍ (23), വിരാട് കോഹ്ലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ധെ (6) എന്നിവരാണ് പുറത്തായ താരങ്ങൾ‍. ക്രുനാൽ‍ പാണ്ധ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവർ പുറത്താവാതെ നിന്നു. ഓപ്പണർമാരായ രോഹിത്−− ധവാൻ സഖ്യം 67 റൺ‍സ് കൂട്ടിച്ചേർത്തിരുന്നു. പിന്നാലെ കോഹ്ലിയുമൊത്ത് 48 റൺസും രോഹിത് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീടെത്തിയവരിൽ‍ ആർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. കോട്ട്റെലിനും തോമസിനും പുറമെ കീമോ പോൾ‍ ഒരു വിക്കറ്റെടുത്തു. പരന്പരയിലെ അവസാന മത്സരം ആറിന് നടക്കും.

You might also like

Most Viewed