ഹാട്രിക്കുമായി ബുംറ; കിംഗ്സ്റ്റൺ ടെസ്റ്റിൽ വിൻഡീസ് തകർന്നു


കിംഗ്സ്റ്റൺ: കരീബിയൻ മണ്ണിൽ ജസ്പ്രീത് ബുംറ കൊടുങ്കാറ്റാകുന്നു. ആദ്യ ടെസ്റ്റിൽ്‍ ഇന്ത്യയുടെ വിജയത്തിലെ നിർണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിൻഡീസിനെതിരെ നാശം വിതയ്ക്കുന്നു. ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ബുംറ. വിൻ‍ഡീസ് ബാറ്റിംഗിന്‍റെ ഒന്‍പതാം ഓവറിലാണ് ബുംറ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായത്. രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളിൽ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങൾ.

നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 416 ന് പുറത്തായിരുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുന്പോൾ‍ വിൻഡീസ് 7ന് 87 എന്ന നിലയിലാണ്. ആറ് വിക്കറ്റുകളാണ് ബുംറ കീശയിലാക്കിയത്. 9.1 ഓവറിൽ‍ 16 റൺ‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റ് നേട്ടത്തിലെത്തിയത്. ഷമിക്കാണ് ഒരു വിക്കറ്റ്. നേരത്തെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് കിംഗ്സ്റ്റൺ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയത്. 

You might also like

Most Viewed