നാല് ബോളിൽ നാല് വിക്കറ്റ്: വീണ്ടും വിസ്മയിപ്പിച്ച് മലിംഗ


പലേക്കലെ: ട്വന്‍റി20 ക്രിക്കറ്റിൽ വീണ്ടും വിസ്മയിപ്പിച്ച് ശ്രീലങ്കൻ ബൗളർ ലസിത് മലിംഗ. ന്യൂസിലാൻ‍ഡിനെതിരെയുള്ള മത്സരത്തിലാണ് മലിംഗയുടെ മിന്നും പ്രകടനം. തുടർച്ചയായ നാല് പന്തുകളിൽ നാല് മുന്‍നിര ബാറ്റ്സ്മാന്മാരെ പുറത്താക്കിയാണ് മലിംഗ ക്ലാസ് തെളിയിച്ചത്. രണ്ടാം ഇന്നിംഗ്സിന്‍റെ മൂന്നാമത്തെ ഓവറിലാണ് മലിംഗ മാജിക്. മലിംഗയുടെ മികവിൽ ശ്രീലങ്ക 37 റൺസിന് വിജയിച്ചു. സ്കോർ: ശ്രീലങ്ക−20 ഓവറിൽ എട്ടിന് 125, ന്യൂസിലാൻഡ് 16 ഓവറിൽ 88ന് പുറത്ത്. മലിംഗ നാല് ഓവറിൽ ആറ് റൺസ് വിട്ടുനൽകി അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരന്പര 2-1ന് ന്യൂസിലാൻഡ് നേടി.

തന്‍റെ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റ് വേട്ടയുടെ തുടക്കം. ഓപ്പണർ കോളിൻ മൺറോയെ തന്‍റെ ട്രേഡ് മാർക്ക് പന്തിലൂടെ കുറ്റിതെറിപ്പിച്ച മലിംഗ തൊട്ടടുത്ത പന്തിൽ ഹാമിഷ് റൂതർഫോഡിനെ എൽബിയിൽ കുരുക്കി. അഞ്ചാം പന്തിൽ കോളിൻ ഗ്രാൻഡ്ഹോമിന്‍റെ കുറ്റി തെറിപ്പിച്ചു. അവസാന പന്തിൽ റോസ് ടെയ്ലറെയെും എൽബിയിൽ കുരുക്കിയാണ് മലിംഗ തന്‍റെ അശ്വമേധം അവസാനിപ്പിച്ചത്. ന്യൂസിലാൻഡ് നിരയുടെ അഞ്ചാം വിക്കറ്റും മലിംഗയാണ് നേടിയത്. ടിം സീഫെർട്ടിനെ ഗുണതിലകയുടെ കൈകളിലെത്തിച്ചാണ് മലിംഗ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിലൊതുങ്ങി. 24 റൺസെടുത്ത നിരോഷൻ ഡിക്‍വെല്ലയാണ് ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചൽ സാന്‍റ്നറും ടോഡ് ആസ്‍ലെയുമാണ് ശ്രീലങ്കയെ ചെറിയ സ്കോറിൽ ഒതുക്കിയത്. 

You might also like

Most Viewed