ആഷസ്: ഇംഗ്ലണ്ടിന് തകർച്ച


മാഞ്ചസ്റ്റർ‍: ആഷസ് പരന്പരയിലെ നാലാം ടെസ്റ്റിൽ ഓസീസിനെതിരെ തോൽ‍വി മുന്നിൽക്കണ്ട് ഇംഗ്ലണ്ട്. 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം റണ്ണെടുക്കും മുന്പെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. റോറി ബേൺസ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരാണ് പാറ്റ് കമ്മിൻസിന്റെ ആദ്യ ഓവറിലെ തുടർച്ചയായ പന്തുകളിൽ പുറത്തായത്.

ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിംഗാണ് രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച ലീഡ് ഉറപ്പാക്കിയത്. 82 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. 196 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസുമായി രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സ്മിത്തിന് പുറമെ മാത്യു വെയ്ഡ്(34), ടിം പെയ്ൻ(23) എന്നിവർ മാത്രമാണ് ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നും സ്റ്റുവർട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.

നാലാം ദിനം 200/5 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനഃരാരംഭിച്ച ഇംഗ്ലണ്ട് 301 റൺസിന് പുറത്തായി. 41 റൺസെടുത്ത ജോസ് ബട്‌ലറും 26 റൺസെടുത്ത ബെൻ സ്റ്റോക്സുമാണ് മധ്യനിരയിൽ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസിനായി ഹേസൽ‍വുഡ് നാലും സ്റ്റാർക്ക്, കമ്മിൻസ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.

You might also like

Most Viewed