ഇന്ത്യൻ ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് ബി.സി.സി.ഐയുടെ മുന്നറിയിപ്പ്


ബംഗളൂരു: ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അന്ത്യശാസനം നൽകി ബി.സി.സി.ഐ. കളത്തിനകത്തും പുറത്തും ടീമിന്റെ സുരക്ഷയിൽ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിംഗ് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി സെപ്റ്റംബർ 16−ന് മൊഹാലിയിലെത്തിയ ടീം ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. ചണ്ഡീഗഢ് പോലീസിനായിരുന്നു താരങ്ങളുടെ സുരക്ഷാ ചുമതലയെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെയുള്ള കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് പോലീസ്, താരങ്ങളുടെ സുരക്ഷയ്ക്കായി എത്തിയിരുന്നില്ല.  ഇതോടെ ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങൾക്ക് സുരക്ഷയൊരുക്കിയത്. രണ്ടാം ദിവസം മുതൽ സുരക്ഷയൊരുക്കാൻ പോലീസ് എത്തി.

ഇതോടെയാണ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അന്ത്യശാസനം നൽകി അജിത്ത് സിങ് രംഗത്തെത്തിയത്. ഭാവിയിൽ ഇത്തരം വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കത്തയച്ചു.  

േസ്റ്റഡിയത്തിൽ ബൗണ്ടറി ലൈനിനും കാണികൾക്കും ഇടയിൽ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഇവർ കാണികൾക്ക് അഭിമുഖമായി നിൽക്കണമെന്നും കത്തിൽ പറയുന്നു. മാത്രമല്ല, ബൗണ്ടറി ലൈനിന് ചുറ്റും കൃത്യമായ ഇടവേളകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം സുരക്ഷാ വീഴ്ച്ചകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

മൊഹാലിയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ കാണികളിലൊരാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയിരുന്നു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി. മാത്രമല്ല ഇന്ത്യൻ ഇന്നിംഗ്സിൽ വിരാട് കോലി ബാറ്റു ചെയ്യുന്നതിനിടയിലും കാണികളിലൊരാൾ മൈതാനത്തേക്കിറങ്ങി കോലിയുടെ അടുത്തെത്തിയിരുന്നു. ഇതോടെയാണ് താരങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ബി.സി.സി.ഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

You might also like

Most Viewed