ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവ‍ർപൂൾ അപരാജിത കുതിപ്പ് തുടരുന്നു


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവ‍ർപൂൾ അപരാജിത കുതിപ്പ് തുടരുന്നു. ചെന്പടയുടെ അവിശ്വസനീയ കുതിപ്പിൽ ഇത്തവണ മുൻ ചാന്പ്യന്മരായ ലെസ്റ്റർ സിറ്റിയാണ് മുട്ടുമടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റിയെ ലിവർപൂൾ‍ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ ജയിംസ് മിൽനർ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് ലിവർപൂളിനെ രക്ഷിച്ചത്. സാദിയാ മാനോയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് മിൽനർ 95−ാം മിനിറ്റിൽ ഗോളാക്കിയത്. 40−ാം മിനിറ്റിൽ മാനേയാണ് ലിവ‍ർപൂളിന്‍റെ ആദ്യ ഗോൾ നേടിയത്. 80−ാം മിനിറ്റിൽ മാഡിസൺ ലെസ്റ്റർ സിറ്റിയുടെ ഗോൾ മടക്കി. 24 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് യുർഗൻ ക്ലോപ്പിന്‍റെ ലിവർപൂൾ.

അതേസമയം, ചാന്പ്യൻസ് ലീഗിലെ വന്പൻ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ടോട്ടനത്തിന് അടിതെറ്റി. ബ്രൈറ്റൺ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടനത്തെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു ബ്രൈറ്റൺ. മൂന്നാം മിനിറ്റിൽ നീൽ മോപേയാണ് ആദ്യ ഗോൾ നേടിയത്. 32, 65 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് ആരോൺ കൊണോളിയാണ് ബ്രൈറ്റന്‍റെ ജയം ഉറപ്പാക്കിയത്. രണ്ടാം ജയത്തോടെ ബ്രൈറ്റൺ ഒന്പത് പോയിന്‍റുമായി ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്കുയർന്നു. 11 പോയിന്‍റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്. 

You might also like

Most Viewed