ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെങ്കലം: ഇടിക്കൂട്ടിൽ ചരിത്രമെഴുതി മേരി കോം


സൈബീരിയ: ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ മേരി കോം. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരമെന്ന ഖ്യാതിയാണു മേരി പേരിലാക്കിയത്. ശനിയാഴ്ച നടന്ന 51 കിലോഗ്രാം വിഭാഗം സെമി ഫൈനൽ മത്സരത്തിൽ മേരി, തുർക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടെങ്കിലും വെങ്കല മെഡൽ ഉറപ്പിച്ചു. 4−-1 എന്ന സ്കോറിനായിരുന്നു തുർക്കിഷ് താരത്തിന്‍റെ നേട്ടം. 51 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണു മേരി കോം മത്സരിച്ചത്.  ലോക ചാന്പ്യൻഷിപ്പിൽ മേരി കോമിന്‍റെ എട്ടാം മെഡലാണിത്. 

ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യൻഷിപ്പിൽ എട്ട് മെഡൽ നേടുന്നത്. ക്യൂബൻ ഇതിഹാസ പുരുഷ ബോക്സർ ഫെലിക്സ് സാവോണിന്‍റെ ഏഴ് ലോക ചാന്പ്യൻഷിപ്പ് മെഡൽ എന്ന റിക്കാർഡാണു മേരി കോം പഴങ്കഥയാക്കിയത്. തുടർച്ചയായി ആറു തവണ ലോക ചാന്പ്യൻഷിപ്പ് സ്വർണ ജേതാവായിരുന്നു സാവോണ്‍. ഒരു തവണ വെള്ളിയും നേടിയിരുന്നു. 1986 മുതൽ 1999വരെയായിരുന്നു സാവോണിന്‍റെ മെഡൽ നേട്ടങ്ങൾ. ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണു മേരിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ. അയർലൻഡിന്‍റെ കാതി ടെയ്ലർ ആണ് മെഡൽ നേട്ടപട്ടികയിൽ മൂന്നാമത്, ആറ് എണ്ണം.

You might also like

Most Viewed