വാതുവെപ്പ് കേസ്: മുൻ ഇന്ത്യൻ താരത്തെ ചോദ്യം ചെയ്യും

ബെംഗളൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് കേസിൽ മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മിഥുന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. കേസിൽ അന്വേഷണവിധേയനാകുന്ന ആദ്യ അന്താരാഷ്ട്ര താരമാണ് അഭിമന്യു മിഥുൻ. ടീം ഇന്ത്യക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് പേസറായ താരം.
ചോദ്യം ചെയ്യലിന് ഹാജരാവാൻ താരത്തിന് നോട്ടീസ് അയച്ച വിവരം ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടിൽ സ്ഥിരീകരിച്ചു. കർണാടക പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ഷിമോഗ ലയൺസ് ക്യാപ്റ്റനായിരുന്നു മിഥുൻ. മൽനാട് ഗ്ലാഡിയേറ്റേർസിനായി കെപിഎല്ലിൽ അരങ്ങേറിയ മിഥുൻ പിന്നീട് ബിജാപൂർ ബിൽസ് ടീമിനായും കളിച്ചു.