കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കും


തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാസംസണെ ഓപ്പണറായി പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. അടുത്ത സീസണില്‍ കാര്യവട്ടത്ത് ഏകദിന പരമ്പരയക്കുള്ള സാധ്യതയുണ്ടെന്നും ജയേഷ് വ്യക്തമാക്കി. നായകന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ രവിശാസ്ത്രിയും അടങ്ങുന്ന ടീം മാനേജ്‌മെന്റാണ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുക. ബിസിസിഐ ഇതില്‍ ഇടപെടില്ല. എന്നാല്‍ സഞ്ജു സാംസണെ ഓപ്പണറായും പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് വ്യക്തമാക്കുന്നു. മാത്രമല്ല റൊട്ടേഷന്‍ നയപ്രകാരം അടുത്ത ഹോം സീസണില്‍ ഒരു ഏകദിനം തിരുവനന്തപുരത്ത് ലഭിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മികവുകൊണ്ടാണ് സഞ്ജു സാംസണ്‍ ടി20 ടീമിലെത്തിയത്. ഞാന്‍ സമ്മര്‍ദം ചൊലുത്തിയതുകൊണ്ടല്ല സഞ്ജുവിന്റെ ടീം പ്രവേശം. കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ശിഖര്‍ ധവാന്‍ പരിക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ.’−ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയാണ് ഇന്ത്യ−വിൻഡീസ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുക. രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഓപ്പണറായ ശിഖര്‍ ധവാന്‍ പരുക്ക് പറ്റി വിശ്രമത്തിലായതോടെയാണ് സഞ്ജുവിനെ ടീമിലെടുത്തത്. നേരത്തെ ബംഗ്ലാദേശിനെതിരെ ടി20 ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

You might also like

Most Viewed