വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാന് പകരം മായങ്ക് അഗര്‍വാള്‍


പരുക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാള്‍ ഏകദിന ടീമില്‍. ധവാന്റെ പരുക്ക് ഭേദപ്പെട്ട് വരുന്നതായും, അദ്ദേഹത്തിന് കായികക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. സെയ്ദ് മുഷ്താഖ്  അലി ട്രോഫി മത്സരത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റ താരത്തിനെ ട്വന്റി−20 പരമ്പരയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ധവാന് പകരം മലയാളിയായ സഞ്ജു സാംസണിനെ ആയിരുന്നു ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓപ്പണറായ ധവാന് പകരം ടീമില്‍ ഇടം കണ്ടെത്തിയിട്ടും സഞ്ജുവിന് ആദ്യ ഇലവനില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ശിഖര്‍ ധവാന് പകരം ടെസ്റ്റ് ക്രിക്കറ്റിലും മായങ്ക് അഗര്‍വാള്‍ തന്നെയാണ് ഒപ്പണറായി ഇറങ്ങുന്നത്. ടെസ്റ്റില്‍ ഒമ്പത് തവണ ഇന്ത്യക്കായി ഇറങ്ങിയ മായങ്ക് രണ്ട് ഇരട്ട സെഞ്ച്വറിയടക്കം 872 റണ്‍സ് നേടിയിട്ടുണ്ട്. ഡിസംബര്‍ 15ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വച്ചാണ് വെസ്റ്റ് ഇന്‍ഡിസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് വിശാഖപട്ടണവും പരമ്പരയിലെ അവസാന മത്സരത്തിന് കട്ടക്കും വേദിയാകും.

You might also like

Most Viewed