ഇരട്ടമെഡല്‍ നേട്ടത്തിൽ‍ തിളങ്ങി ആൻ‍സി സോജൻ ; 200 മീറ്ററിലും സ്വര്‍ണം


സംഗ്രൂർ: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ആൻസി സോജന് വീണ്ടും സ്വർണ തിളക്കം. 200 മീറ്റർ വിഭാഗത്തിൽ ആൻസി സ്വർണം നേടിയതോടെ മെഡൽ നേട്ടം രണ്ടായി. 100 മീറ്ററിലും ആൻസി സ്വർണം നേടിയിരുന്നു. ആൻസി മെഡൽ നേടുന്ന അഞ്ചാം ദേശീയ സ്കൂൾമീറ്റാണിത് മീറ്റിന്റെ മൂന്നാംദിനം മഴയിൽ മുങ്ങിയെങ്കിലും കേരള താരങ്ങൾ മുന്നേറി. ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ ആകാശ് എം. വർഗീസ് സ്വർണം നേടിയപ്പോൾ മറ്റ് പലയിനങ്ങളിലും യോഗ്യതാറൗണ്ടിൽ മികച്ച പ്രകടനത്തോടെ ഫൈനലിലെത്തി. പെൺകുട്ടികളുടെ ലോങ്ജമ്പ് യോഗ്യതാ റൗണ്ടിൽ കേരളത്തിന്റെ ആൻസി സോജൻ (6.08 മീറ്റർ) മീറ്റ് റെക്കോഡിനേക്കാൾ (6.05 മീറ്റർ) മികച്ച ദൂരം കണ്ടെത്തി. മഴകാരണം മാറ്റിയ ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരം ഇന്ന് നടക്കും. 15 മത്സരങ്ങളുടെ ഫൈനലാണ് ഇന്ന് നടക്കുന്നത്.

ചങ്ങനാശ്ശേരി വാകത്താനം മലയിൽ കുടുംബാംഗമായ ആകാശ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് (15.45 മീറ്റർ) സ്വർണം നേടിയത്. രണ്ടു ചാട്ടം കഴിഞ്ഞ് റിലേ ഹീറ്റ്സ് ഓടാൻപോയ ആകാശ് തിരിച്ചുവന്ന് ജമ്പ് തുടർന്നു. ആകാശ് ഉൾപ്പെടുന്ന റിലേ ടീം ഫൈനലിലെത്തി. കേരളത്തിന്റെ സി.ഡി. അഖിൽ കുമാർ (14.72) ട്രിപ്പിളിൽ നാലാമതായി. പെൺകുട്ടികളുടെ 1500 മീറ്ററിൽ കേരളത്തിന്റെ സി. ചാന്ദ്നിയും ജാവലിൻ ത്രോയിൽ തലീത്ത കുമ്മി സുനിലും ആറാംസ്ഥാനം നേടി. പെൺകുട്ടികളുടെ 1500 മീറ്ററിൽ ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടിയ ഡൽഹിയുടെ കെ.എം. ചന്ദ (4:26.85 മിനിറ്റ്), രാജസ്ഥാന്റെ സുമിത്ര (4:35.59), പഞ്ചാബിന്റെ പൂജ (4:39.67) എന്നിവർ മീറ്റ് റെക്കോഡ് (4:42.47) മറികടന്നു. ആൺകുട്ടികളുടെ ഹാമർ ത്രോയിൽ വിദ്യാഭാരതിയുടെ അഫ്സർ അഹമ്മദും (71.29 മീറ്റർ) മീറ്റ് റെക്കോഡ് (71.01) ഭേദിച്ചു.

You might also like

Most Viewed