ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് കിരീടം; നേട്ടം പെൺകരുത്തിൽ


ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന് കിരീടം. 273 പോയിന്റുമായാണ് കേരളം ചാന്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര് 247 പോയിന്റും മൂന്നാമതുള്ള ഹരിയാണ 241 പോയിന്റും നേടി.പെൺകുട്ടികളുടെ വിഭാഗത്തിൽ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 101 പോയിന്റുമായി കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ചാന്പ്യന്മാരായി. 61 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാണ മൂന്നാമതുമാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി.

നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മീറ്റിലെ മികച്ച അത്ലറ്റായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ശിർസെ തേജസ് ആണ് മികച്ച താരം. 100 മീറ്റർ, 200 മീറ്റർ വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ആൻസി ലോങ് ജന്പിൽ മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. സമാപന ദിവസം 4x100 മീറ്റർ റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗമായതോടെ ആൻസിയുടെ അക്കൗണ്ടിൽ നാല് സ്വർണമെത്തി. 

You might also like

Most Viewed