രണ്ടാം ഏകദിനം ഇന്ന്; ഇന്ത്യയ്ക്ക് ജയം അനിവാര്യം


രാ‌ജ്‌കോട്ട്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നിർണായക രണ്ടാം ഏകദിനം ഇന്ന് നടക്കും. രാജ്കോട്ടിൽ ഉച്ചയ്‌ക്ക് 1.30ന് മത്സരം തുടങ്ങും. വാംഖഡേയിൽ മുഖമടച്ചേറ്റ അടിക്ക് പകരം വീട്ടാനാണ് ടീം ഇന്ത്യ രാജ്കോട്ടിൽ ഇറങ്ങുന്നത്. 

ഓസ്‌ട്രേലിയക്കെതിരെ തുടർച്ചയായ രണ്ടാം ഏകദിന പരന്പര നഷ്ടത്തിന് മുന്നിൽ നിൽക്കുന്ന കോലിപ്പടയ്‌ക്ക് ബാറ്റിംഗിലും ബൗളിംഗിലും തലവേദനകൾ ഏറെ. എന്നാൽ ടോസ് ലഭിക്കുകയും രോഹിത് ശർമ്മയോ നായകനോ ഒരു വലിയ ഇന്നിംഗ്സ് കളിക്കുകയും ചെയ്‌താൽ തീരാവുന്ന പ്രശ്‌നങ്ങളേ ഇപ്പോഴുമുള്ളൂ എന്നാകും ആരാധകരുടെ കണക്കുട്ടൽ. പിഴച്ചെന്ന് നായകൻ തന്നെ സമ്മതിച്ച പരീക്ഷണത്തിനൊടുവിൽ മൂന്നാം നന്പറിലേക്ക് കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാം. 

ഋഷഭ് പന്തിന്‍റെ അഭാവത്തിൽ വിക്കറ്റ് കാക്കുക കെ.എൽ രാഹുൽ. പാർ‍ട്ട് ടൈം ബൗളറെന്ന ആനൂകൂല്യത്തിൽ കേദാർ ജാദവ്, മനീഷ് പാണ്ഡേയെ പിന്തള്ളി പന്തിന്‍റെ പകരക്കാരനാകാനും സാധ്യതയേറെ. ഡേവിഡ് വാർ‍ണറിനും ആരോണ്‍ ഫിഞ്ചിനും മുന്നിൽ മുംബൈയിൽ ശാർദുൽ താക്കൂറിന്‍റെ പന്തുകൾക്ക് വേഗം പോരെന്ന തോന്നൽ ഉണ്ടായതിനാൽ‍ നവ് ദീപ് സൈനിക്ക് സാധ്യത ഉണ്ട്.

ഏതെങ്കിലുമൊരു പേസർക്ക് വിശ്രമം നൽകി ജോഷ് ഹെയ്സൽവുഡിനെ പരീക്ഷിക്കുന്നതൊഴിച്ചാൽ ഓസ്‌ട്രേലിയൻ‍ നിരയിൽ വലിയ അഴിച്ചുപണി പ്രതീക്ഷിക്കേണ്ട. മുംബൈയിലേതിനേക്കാളും ബാറ്റിംഗിനെ തുണയ്‌ക്കുന്ന പിച്ചാകും രണ്ടാമങ്കത്തിനുണ്ടാവുകയെന്നാണ് റിപ്പോർ‍ട്ടുകൾ. ഇന്ന് വിജയിച്ചാൽ ഓസീസിന് ഏകദിന പരന്പര സ്വന്തമാകും.

You might also like

Most Viewed