കൊറോണ : ഒളിമ്പിക് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങള്‍ മാറ്റി


വുഹാന്‍( ചൈന): കൊറോണ വൈറസ് ഭീതിയില്‍ ഒളിമ്പിക് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങൾ മാറ്റി. വനിതാ ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ വുഹാനില്‍ നിന്ന് കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്കാണ് മാറ്റിയത്. അടുത്ത മാസം നടക്കേണ്ട ഏഷ്യാ-ഓഷ്യാനിയ ബോക്‌സിങ്ങ് യോഗ്യതാ മത്സരങ്ങളുടെ വേദിയും ചൈനയിലാണ്. മേരി കോം ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കേണ്ട ബോക്‌സിങ് യോഗ്യത മത്സരങ്ങളുടെ പുതിയ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൈനയില്‍ പടര്‍ന്നു പിടിച്ച വൈറസ് ബാധയില്‍ ഇതുവരെ 25 പേരാണ് മരിച്ചത്. കുടുതല്‍ പേരിലേയ്ക്ക് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സ്ഥിരീകരിച്ചതോടെയാണ് ഒളിമ്പിക് യോഗ്യതാ മത്സരങ്ങളുടെ വേദിയും മാറ്റിയിരിക്കുന്നത്.

അതിവേഗം പടരുന്ന കൊറോണ് വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ചൈന അഞ്ചു നഗരങ്ങള്‍ പൂര്‍ണമായി അടച്ചു. ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുന്നത്. ലൂണാര്‍ ന്യൂ ഇയര്‍ അവധി പ്രമാണിച്ച് ജനങ്ങള്‍ രാജ്യത്തുടനീളം സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് അഞ്ചു നഗരങ്ങള്‍ പൂര്‍ണമായി അടച്ചത്. ഇതോടെ 20 മില്യണ്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു. വുഹാന്‍ നഗരത്തില്‍ മാത്രമുളള 11 മില്യണ്‍ ജനങ്ങളോട് നഗരം വിടരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed