ഏകദിന പരമ്പര; തോൽവി ഏറ്റുവാങ്ങി ഇന്ത്യ


ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 22 റൺസിന് തോറ്റു. 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.3 ഓവറിൽ 251 റൺസിന് ഓൾഔട്ടായി. രവീന്ദ്ര ജഡേജ, (55), ശ്രേയസ് അയ്യർ (52), നവദീപ് സെയ്നി (45) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്താൻ വിരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞില്ല. 153 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് വീണ ഇന്ത്യയെ എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ-സെയ്നി സഖ്യമാണ് ജയത്തിനരികിൽ എത്തിച്ചത്. 

ഇരുവരും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തു. സെയ്നി പുറത്തായതോടെയാണ് സഖ്യം വേർപിരിഞ്ഞത്. പത്താമനായാണ് ജഡേജ പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സ് നേടി. 73 റണ്‍സുമായി പുറത്താകാതെ നിന്ന റോസ് ടെയ്‌ലറാണ് കിവീസിന്‍റെ പട നയിച്ചത്. ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി കിവീസിന് നല്ല തുടക്കം നല്‍കി. 79 റണ്‍സ് നേടിയ ഗുപ്റ്റിലും 41 റണ്‍സ് നേടിയ ഹെന്‍ട്രി നിക്കോള്‍സും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. എന്നാല്‍ മധ്യനിര ചെറുത്തുനില്‍പ്പ് ഇല്ലാതെ തകര്‍ന്നതോടെ കിവീസിന് പ്രതിസന്ധിയിലായി. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ടെയ്‌ലര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കിവീസിനെ കരകയറ്റുകയായിരുന്നു. ടോം ലാതം (7), കോളിന്‍ ഡി ഗ്രാൻഡ്ഹോം (5), ജിമ്മി നീഷം (3), മാര്‍ക്ക് ചാപ്മാന്‍ (1) എന്നിവരാണ് മധ്യനിരയില്‍ വന്നപോലെ മടങ്ങിയത്. 42-ാം ഓവറില്‍ 197/8 എന്ന നിലയിലേക്ക് വീണ കിവീസ് 220 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പത്താമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ കെയില്‍ ജാമിസണ്‍ പതറാതെ ടെയ്‌ലറിന് കൂട്ടായി നിന്നതോടെ സ്‌കോര്‍ ഉയരുകയായിരുന്നു. ജാമിസണ്‍ രണ്ടു സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 25 റണ്‍സ് നേടി. ഒന്‍പതാം വിക്കറ്റില്‍ ടെയ്‌ലര്‍-ജാമിസണ്‍ സഖ്യം അടിച്ചെടുത്തത് 76 റണ്‍സാണ് കിവീസിന് മത്സരത്തിൽ ജയം സമ്മാനിച്ചത്. രണ്ടു വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയ ജാമിസൺ അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ മാച്ചുമായി.

You might also like

Most Viewed