അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി: അഞ്ചു കളിക്കാർക്കെതിരേ നടപടി


അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്‍മാരായ ഇന്ത്യയെ തോൽപ്‍പിച്ച് കന്നി ഐ.സി.സി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ഗ്രൗണ്ടിൽ സംഘർഷമുണ്ടായ സംഭവത്തിൽ കളിക്കാർക്കെതിരേ നടപടിയുമായി ഐസിസി. രണ്ട് ഇന്ത്യൻ താരങ്ങൾക്കും മൂന്ന് ബംഗ്ലദേശ് താരങ്ങൾക്കും എതിരേയാണ് ഐസിസി നടപടി. ഇന്ത്യൻ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്‌ണോയി എന്നിവരാണ് ഇന്ത്യൻ നിരയിൽനിന്ന് ശിക്ഷിക്കപ്പെട്ടവർ. ബംഗ്ലദേശ് താരങ്ങളായ തൗഹീദ് ഹൃദോയ്, ഷമിം ഹുസൈന്‍, റാക്കിബുൾ ഹസൻ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായത്. ഇവർ‍ക്കു നാലു മുതൽ 10 വരെ മത്സരങ്ങളിൽ നിന്ന് വിലക്കു ലഭിക്കും.

ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ് കന്നി ഐസിസി കിരീടം സ്വന്തമാക്കിയതോടെയാണ് മൈതാനത്ത് സംഘർഷമുണ്ടായത്. ഇന്ത്യൻ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. ബംഗ്ലാ താരങ്ങൾ കൈയാങ്കളിക്ക് മുതിർന്നതോടെ രൂക്ഷമായ വാക്‌പോരുണ്ടായി. അംപയർമാർ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. പരിശീലക സംഘത്തിലെ മുതിർ‍ന്നവർ‍ ഇടപെട്ടാണ് ഇരുടീമുകളിലെയും താരങ്ങളെ നിയന്ത്രിച്ചത്. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘർഷത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ വിശദമായ പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

You might also like

Most Viewed