പാക് പൗരനാകാനൊരുങ്ങി വിദേശ സൂപ്പര്‍ താരം


സൂപ്പര്‍ ലീഗ് കളിക്കാന്‍ പാകിസ്ഥാനിലെത്തി ഒടുവില്‍ പാക് പൗരനാകാന്‍ ഒരുങ്ങുകയാണ് വിന്‍ഡീസിന് രണ്ട് തവണ ലോകകിരീടം സമ്മാനിച്ച ഇതിഹാസ താരം ഡാരന്‍ സമി. പാകിസ്ഥാനില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഡാരന്‍ സമി. പാക് പൗരത്വത്തിനായി സമി അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സമിയുടെ ടീമായ പെഷവാര്‍ സാല്‍മിയാണ് സമിയ്ക്ക് പാക് പൗരത്വം നല്‍കാനുളള നീക്കങ്ങള്‍ നടത്തുന്നത്. അധികം താമസിയാതെ സമിക്ക് പാകിസ്ഥാന്‍ പൗരത്വം ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

സമിയ്ക്ക് പാകിസ്ഥാനോടുളള സ്‌നേഹം നേരത്തേയും ക്രിക്കറ്റ് ലോകം കണ്ടിരുന്നു. വിദേശ താരങ്ങളെല്ലാം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ എതിര്‍പ്പുകളെയെല്ലാം തള്ളി ആദ്യം പാകിസ്ഥാനിലേക്ക് ഓടിയെത്തിയ താരമാണ് സമി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ച് സീസണുകളുടേയും ഭാഗമായിട്ടുള്ള സമി 2017 ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിനായി പാകിസ്ഥാനിലെത്തിയ ചുരുക്കം ചില വിദേശ താരങ്ങളില്‍ ഒരാളായി. തകര്‍ന്നടിഞ്ഞ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഉയര്‍ത്തികൊണ്ട് വന്ന നായകന്‍ കൂടിയാണ് സമി. വിന്‍ഡീസിനായി രണ്ട് ടി20 ലോകകിരീടങ്ങളാണ് സമി സമ്മാനിച്ചത്.

You might also like

Most Viewed