വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ


പെർത്ത്: വനിതാ ട്വന്‍റി- 20 ലോകകപ്പിൽ ബംഗ്ലാദേശിനെയും വീഴ്ത്തി ഇന്ത്യൻ വനിതകൾ വിജയക്കുതിപ്പ് തുടരുന്നു. പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ 18 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. 

143 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പൂനം യാദവിന്‍റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം സമ്മാനിച്ചത്. 17 പന്തിൽ 39 റൺസടിച്ച് ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച ഓപ്പണർ ഷഫാലി വർമയാണ് കളിയിലെ താരം. രണ്ടു ഫോറും നാലു സിക്സും സഹിതമാണ് ഷഫാലി 39 റൺസെടുത്തത്. വൈറൽ പനി ബാധിച്ച ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ബംഗ്ലദേശിനെ നേരിട്ടത്. ഇതോടെ ബംഗാളിൽനിന്നുള്ള ടീനേജ് താരം റിച്ച ഘോഷിന് ലോകകപ്പ് അരങ്ങേറ്റത്തിനും അവസരം ലഭിച്ചു. വ്യാഴാഴ്ച ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. ഓപ്പണർ മുർഷിദ ഖാട്ടൂൻ 26 പന്തിൽ നാലു ഫോറുകളോടെ 30 റണ്‍സെടുത്തു. ഫാഹിമ ഖാട്ടൂൻ (17), സഞ്ജിത ഇസ്‍ലാം (10), ജഹനാര ആലം (10), റുമാന അഹമ്മദ് (13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി പൂനം യാദവിനു പുറമേ ശിഖ പാണ്ഡെയും അരുദ്ധതി റെഡ്ഡിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

You might also like

Most Viewed