ഇന്ത്യൻ‍ ഫുട്‌ബോൾ‍ ഇതിഹാസം പി.കെ ബാനർ‍ജി അന്തരിച്ചു


കൊൽ‍ക്കത്ത: ഇന്ത്യൻ‍ ഫുട്‌ബോൾ‍ ഇതിഹാസവും മുൻ‍ ക്യാപ്റ്റനുമായ പി.കെ ബാനർ‍ജി അന്തരിച്ചു. കൊൽ‍ക്കത്തിയിൽ‍ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. ഒന്നര മാസമായി ശ്വാസകോശത്തിലെ അണുബാധയെ തുടർ‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹം. വെന്റിലേറ്റർ‍ സഹായത്തോടെയാണ് ജീവൻ നിലനിർ‍ത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്.

1960ൽ‍ ഇന്ത്യയെ റോം ഒളിന്പിക്‌സിൽ‍ നയിച്ചത് പി.കെ ബാനർ‍ജിയായിരുന്നു. ഫ്രഞ്ച് ടീമിനെതിരെ ഇന്ത്യയയുടെ സമനില ഗോൾ‍ നേടിയതും അദ്ദേഹമായിരുന്നു. 1962ലെ ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ‍ ഫൈനലിൽ‍ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ 2−1 ന് ജയിച്ച മത്സരത്തിൽ‍ ടീമിനായി 17ാം മിനുട്ടിൽ‍ ഗോൾ‍ നേടി.

1956ൽ‍ മെൽ‍ബണിൽ‍ ഒളിന്പിക്‌സ് മത്സരത്തിൽ‍ ഇന്ത്യക്കായി കളിച്ച് അദ്ദേഹം ഇന്ത്യയെ ജയത്തിൽ‍ എത്തിക്കുന്നതിൽ‍ പ്രധാന പങ്ക്‌ വഹിച്ചു. ഓസീസിനെ 4−2ന് മത്സരത്തിൽ‍ ഇന്ത്യ തോൽ‍പ്പിച്ചു. ഇന്ത്യൻ ഫുട്‌ബോളിന് ബാനർ‍ജി നൽ‍കിയ സംഭാവനകൾ‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004ൽ‍ അദ്ദേഹത്തിന് ഓർ‍ഡർ‍ ഓഫ് മെറിറ്റ് നൽ‍കി ആദരിച്ചിരുന്നു. 1961ൽ‍ അർ‍ജുന പുരസ്‌കാരവും 1990ൽ‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു.

You might also like

Most Viewed