പ്രമുഖ ഹോക്കി താരം ബല്‍ബീര്‍ സിംഗ് സീനിയര്‍ ഗുരുതരാവസ്ഥയില്‍


മൊഹാലി: വിഖ്യാത ഹോക്കി താരം ബല്‍ബീര്‍ സിംഗ് സീനിയര്‍ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മൊഹാലിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മേയ് എട്ടിന് അദ്ദേഹത്തെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നാൽ പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ കബിര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജനുവരില്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് 108 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ബര്‍ബീര്‍ ആശുപത്രി വിട്ടത്. 96കാരനായ ബല്‍ബീര്‍ ഇന്ത്യക്കു വേണ്ടി ഒളിമ്പിക്‌സില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ് ബല്‍ബീര്‍ സിംഗ്. ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ എറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ബല്‍ബീര്‍. ഈ റിക്കാര്‍ഡ് ആരും ഇതുവരെയും തകര്‍ത്തിട്ടില്ല. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അഞ്ച് ഗോളുകള്‍ ബല്‍ബീര്‍ സ്വന്തമാക്കിയിരുന്നു. അന്ന് 6-1ന് വിജയം കൈവരിച്ച് ഇന്ത്യ സ്വര്‍ണം നേടി. 1975ല്‍ ഹോക്കി ലോകക്കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ ബല്‍ബീര്‍ ആയിരുന്നു. 1957ല്‍ പത്മശ്രീ നല്‍കി രാജ്യം ബല്‍ബീറിനെ ആദരിച്ചിരുന്നു.

You might also like

Most Viewed