ബാഡ്മിന്റണ്‍ ഇതിഹാസം ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു


ബെയ്ജിങ്ങ്: ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണ മെഡലും അഞ്ചു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാന്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറാണ് ടോക്കിയോ ഒളിംപിക്‌സിനു നില്‍ക്കാതെ കളമൊഴിഞ്ഞത്.

അഞ്ച് തവണ ലോക ചാമ്പ്യനായ ലിന്‍ 2008 ലും 2012 ലുമാണ് ഒളിംപിക്‌സ് സിംഗിള്‍സ് സ്വര്‍ണം നേടിയത്. ലോക ബാഡ്മിന്റണിലെ എല്ലാ മേജര്‍ കിരീടങ്ങളും നേടിയ ഒരേയൊരു താരമെന്ന നേട്ടവും 36 കാരനായ ലിന്‍ ഡാന് സ്വന്തം. ആറ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നീ നേട്ടങ്ങളും ലിന്‍ ഡാനിന്റെ കരിയറിലുണ്ട്. 28 വയസിനുള്ളില്‍ ലോക ബാഡ്മിന്റണിലെ ഒന്‍പതു കിരീടങ്ങളും നേടിയ സൂപ്പര്‍ സ്ലാം നേട്ടവും ലിന്‍ ഡാനിന് സ്വന്തമാണ്.

ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ലിന്‍ ഡാന്‍ വ്യക്തമാക്കി. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടിയതോടെ ലിന്‍ ഡാന്‍ വിരമിക്കല്‍ നീട്ടുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് അപ്രതീക്ഷിതമായ കായിക ലോകത്തെ അമ്പരപ്പിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

You might also like

Most Viewed