ഫോർമുല വൺ കാറോട്ട മത്സരം ഈ ആഴ്ച്ച ബഹ്റൈനിൽ നടക്കും


മനാമ: 

ഫോർമുല വൺ മത്സരത്തിന്റെ ആദ്യ ഘട്ടമാണ് നവന്പർ 27 വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ സാഖിറിലെ ബഹ്റൈൻ ഇൻ്ർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കുക. ഗൾഫ് എയർ ഗ്രാൻഡ് പിക്സ് എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുക. കാറോട്ട മത്സരത്തിൽ പങ്കെടുക്കുന്നവരും അതു പോലെ ഔദ്യോഗിക ടീം അംഗങ്ങളും തയ്യാറെടുപ്പിന്റെ ഭാഗമായി ബഹ്റൈനിലെത്തി തുടങ്ങി. വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ ആറ് മണി വരെ 90 മിനിട്ട് നീണ്ടു നിൽക്കുന്ന രണ്ട് പ്രാക്ടീസ് സെഷനുകളും, ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ ഒരു പ്രാക്ടീസ് സെഷനുമാണ് ഉണ്ടാവുക. ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതൽക്കാണ് ക്വാളിഫൈയിങ്ങ് മത്സരങ്ങൾ നടക്കുക.

പിറ്റേന്ന് ഞായറാഴ്ച്ച നടക്കുന്ന 57 ലാപ്പ് റേസിൽ ക്വാളിഫൈ ചെയ്തവർ മത്സരിക്കും. ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് ഇത് ആരംഭിക്കുന്നത്. അഞ്ച് കിലോമീറ്ററും നാന്നൂറ്റി പന്ത്രണ്ട് മീറ്ററും ദൈർഘ്യമുള്ള സാഖിറിലെ ഗ്രാൻഡ് പ്രി ട്രാക്കിൽ നിന്നാണ് മത്സരങ്ങൾ നടക്കുന്നത്. നവംബറിലെ ആദ്യ ഫോർമുല വൺ മത്സരത്തിന് ശേഷം ഡിസംബർ നാല് മുതൽ ആറ് വരെ രണ്ടാമത്തെ എഫ് വൺ മത്സരം നടക്കും. റോളക്സ് സാഖിർ ഗ്രാൻഡ് പിക്സ് എന്ന പേരി‍ൽ നടക്കുന്ന ഈ മത്സരം ബഹ്റൈൻ ഇൻ്ർനാഷണൽ സർക്യൂട്ടിലെ  മൂന്ന് കിലോമീറ്ററും അഞ്ഞൂറ്റി നാൽപ്പത്തിമൂന്ന് മീറ്ററും ദൈർഘ്യമുള്ള ഔട്ടർ ട്രാക്കിൽ വെച്ചാണ് നടക്കുക. ഇതാദ്യമായാണ് ഇവിടെ നിന്ന് ഫോർമുല വൺ മത്സരം നടക്കുന്നത്.

കോവിഡിന്റെ സാഹചര്യത്തിൽ കാണികൾക്ക് ഇത്തവണ മത്സരം കാണാനായി നേരിട്ട് വരാൻ സാധിക്കില്ലെങ്കിലും ആദരസൂചകമായി ആരോഗ്യപ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്ക് ബഹ്റൈനിലെ ഈ വലിയ കായിക മാമാങ്കം കാണാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.  

You might also like

Most Viewed