യു­.എ.ഇയിൽ പലയി­ടങ്ങളി­ലും മഴ


അബുദാബി: യു.എ.ഇയിൽ പലയിടങ്ങളിലും മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴയുണ്ടായത്. ഇടി മിന്നലോടെയായിരുന്നു മഴ. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ ചില മേഖലകളിൽ ചെറിയ തോതിൽ മഴപെയ്തു. 

ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഇന്നും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. ഇന്നലെ രാത്രിയോടെ കാറ്റ് ശക്തമായി. താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. മലയോര മേഖലകളിൽ 5 ഡിഗ്രി സെൽഷ്യസിനും താഴെയെത്തിയതായാണു റിപ്പോർട്ടുകൾ.

ഷാർജയിൽ കഴിഞ്ഞ ദിവസം താപനില 10ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. വടക്കൻ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. കടലും പ്രക്ഷുബ്ധമാണ്. കുവൈത്ത്, ബഹ്റൈൻ, സൗദിയിലെ ദഹ്റാൻ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് വീശി. 

അതേസമയം ചൂടും തണുപ്പുമില്ലാത്ത നല്ല കാലാവസ്ഥയായതോടെ തലസ്ഥാന നഗരിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു. വാരാന്ത്യ ദിവസങ്ങളിലാണ് ഏറ്റവുമധികം ടൂറിസ്റ്റുകളെത്തുന്നത്. 

അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, സാദിയാത്ത് ദ്വീപിലെ ലൂവ്ർ അബുദാബി മ്യൂസിയം, യാസ് ഐലൻഡിലെ ഫെരാരി വേൾഡ്, വാട്ടർ തീം പാർക്ക്, ബ്രേക്ക് വാട്ടറിലെ ഹെറിറ്റേജ് പാലസ്, അബുദാബി എമിറേറ്റ്‌സ് പാലസ് എന്നിവിടങ്ങളിലാണ് വിനോദ സഞ്ചാരികളുടെ  തിരക്ക് ഏറ്റവുമധികമുള്ളത്.

You might also like

Most Viewed