യു­വതി­യെ­ കൊ­ലപ്പെ­ടു­ത്തി­യ ശേ­ഷം മോ­ഷണം : വനി­ത ഉൾ­പ്പെ­ടെ­ ഏഴ് പേർ അറസ്റ്റി­ൽ


അബുദാബി : കൂട്ടുകാരിയായ യുവതിയെ കൊലപ്പെടുത്താനായി മറ്റൊരു എമിറേറ്റിൽ നിന്ന് ഒരു സംഘം പുരുഷന്മാരെ വിളിച്ചു വരുത്തി ആസൂത്രിതമായി കൊലപാതകം നടത്തിയ കേസിൽ ഒരു വനിതയുൾപ്പെടെ ഏഴ് ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. 

അബുദാബിയിലെ യുവതിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകവും പിന്നീട് മോഷണവും നടത്തിയത്. കൊല ചെയ്യപ്പെട്ട യുവതിയും അറസ്റ്റിലായ സ്ത്രീയും ഒരു വീട്ടിൽ ഒരുമിച്ചു കഴിഞ്ഞവരും സുഹൃത്തുക്കളുമായിരുന്നു. യുവതിയെ കൊലചെയ്ത് കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീ, മറ്റ് എമിറേറ്റിലായിരുന്ന പുരുഷന്മാരെ അബുദാബിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ താരിക് ഖൽഫാൻ അൽ ഘോൾ ചൂണ്ടിക്കാട്ടി. 38 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്ന് പണം, സ്വർണാഭരണങ്ങൾ, കന്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ മോഷണം പോയതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവം സംബന്ധിച്ച് സുഹൃത്തായ സ്ത്രീക്കും മറ്റ് ആറു പേർക്കും ബന്ധമുള്ളതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. 

മോഷ്ടിച്ച ആഭരണം പ്രതികളിലൊരാൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. സംഭവത്തിന്റെ ആസൂത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തെളിഞ്ഞതും പോലീസിന് മറ്റുള്ളവരെ പിടികൂടാനും ഇത് സഹായകമായി. അറസ്റ്റിലായ ഏഴ് പേർക്കും കൊലപാതകത്തിൽ പങ്കുള്ളതായും പ്രതികൾ കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത ശേഷം നിയമ നടപടിക്കായി ജുഡീഷ്യൽ അതോറിറ്റിക്കു കൈമാറി. പോലീസിന്റെ ഊർജിതമായ നീക്കം മൂലം കേസ് വളരെ വേഗം തെളിയിക്കുന്നതിനും എല്ലാ പ്രതികളെയും പിടികൂടുന്നതിനും സാധിച്ചുവെന്നും അബുദാബി പോലീസ് അധികൃതർ ചൂണ്ടിക്കാട്ടി.

You might also like

Most Viewed