സ്വകാര്യ വാഹനം ടാക്സിയാക്കി : 2000ത്തോളം പേർ പിടിയിൽ

അബുദാബി : അബുദാബിയിൽ സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം പേർ പിടിയിലായി. അബുദാബി പോലീസിന്റെ പരിശോധനയിൽ വിവിധയിടങ്ങളിലായി 2198 ആളുകളെയാണ് ഇത്തരത്തിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഉപയോഗിച്ചാലുള്ള ശിക്ഷ.
ഇവരിൽ പലരും യു.എ.ഇ ഡ്രൈവിംഗ് ലൈസൻസോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതാണ് അനധികൃത ടാക്സികളുടെ ഉപയോഗം. ഇത്തരത്തിലുള്ള വാഹനങ്ങളിൽ യാത്ര ചെയ്ത പലരുടെയും വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും പാതി വഴിയിലിറക്കിവിടുകയും ചെയ്യുന്നത് വർദ്ധിച്ചുവരികയാണ്. അംഗീകൃത ടാക്സികളിൽ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ മുൻനിർത്തിക്കൊണ്ട് നൂതന ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മാത്രവുമല്ല ഇത്തരം ടാക്സികളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരാതിപ്പെടാനുള്ള നന്പറടക്കം നൽകിയിട്ടുണ്ട്. വ്യാജ ടാക്സികൾ വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്ന് അബുദാബി പോലീസ് ഗതാഗത സുരക്ഷാവിഭാഗം ബ്രിഗേഡിയർ ഇബ്രാഹിം സുൽത്താൻ അൽസാബി പറഞ്ഞു. പല വ്യാജ ടാക്സികൾക്കും ഇൻഷുറൻസ് ഇല്ല. ഇതെല്ലാം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.