വടക്കൻ എമിറേറ്റിൽ 50 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും


അബുദാബി : വടക്കൻ എമിറേറ്റിൽ 50 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ യു.എ.ഇ ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അടുത്ത മാസം മുതൽ സ്ഥാപിക്കും. അതിവേ­ഗം വാഹനങ്ങളുടെ ബാറ്ററി റീചാർജ് ചെയ്യാവുന്ന 12 ഹരിത വൈദ്യുത സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ബാറ്ററി റീ ചാർജ് സ്റ്റേഷൻ പദ്ധതി രണ്ടു മാസത്തിനകം പൂർത്തീകരിക്കും. അജ്മാൻ, ഉം അൽഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവി­ടങ്ങളിലാണ് അതിവേ­ഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

വിവിധ ഷോപ്പിങ് സെന്ററുകൾ, പെട്രോൾ സ്റ്റേഷനുകൾ, യൂണിവേഴ്സിറ്റികൾ, ഇൻസ്റ്റിറ്റ്യൂട്ട്സ്, ആശുപത്രികൾ എന്നിവി­ടങ്ങളിൽ നിന്ന് ഹരിത വൈദ്യുത ചാർജ് സ്റ്റേഷന് ആരംഭിക്കുന്നതിന് ഒട്ടേറെ അപേ­ക്ഷകൾ ലഭിക്കുന്നതായും ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സാലെഹ് അറിയിച്ചു. യു.എ.ഇ 2020 ദർശനത്തിന്റെ ഭാഗമായി ഹരിത പദ്ധതി നടപ്പാക്കാൻ പ്രത്യേ­ക വൈദഗ്ധ്യമുള്ള കന്പനിയുമായി ഇതിനകം ധാരണയായതായും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാ­ഗമായി ഇലക്ട്രിക് കാറുകൾക്ക് ക്ലീൻ ഗ്രീൻ പവർ ചാർജർ സ്റ്റേഷനുകൾ വഴി ബാറ്ററി ചാർജു ചെയ്യാൻ സാധിക്കും. ഇലക്ട്രിക് കാറുകളുടെ ഉപയോ­ഗം പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കും. എക്സ്പ്രസ് ചാർജിംഗ് സ്റ്റേഷനുകളിലെ 80ശതമാനം ബാറ്ററികളും 20 മുതൽ 45 മിനിറ്റിനകം റീ ചാർജു ചെയ്യാനാവും. ബാറ്ററിയുടെയും കാറിന്റെയും വലിപ്പമനുസരിച്ചാവും ബാറ്ററിയുടെ ചാർജ് നിലനിൽക്കുന്ന സമയം നിശ്ചയിക്കാനാവൂ. ഫുൾ ചാർജ് ചെയ്ത ബാറ്ററി ഉപയോ­ഗിച്ച് 120 മുതൽ 500 കിലോമീറ്റർ വരെ ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാനാവും.

ഹരിത പരിസ്ഥിതിയുടെ ഭാ­ഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ സർക്കാർ അതോറിറ്റി ഓഫീസുകൾ, സർക്കാർ വകുപ്പുകൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, പെട്രോൾ സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേ­ന്ദ്രങ്ങൾ, വാണിജ്യ കേ­ന്ദ്രങ്ങൾ, പാർക്കുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവി­ടങ്ങളിലും കാറുകളുടെ ബാറ്ററി റീ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും.

You might also like

Most Viewed