ദുബൈയിൽ റോഡിലൂടെ പോകുന്നവർ‍ക്ക് ആയിരം ദിർ‍ഹം ; പോലീസ് അന്വേഷണം തുടങ്ങി


ദുബൈ : ദുബൈയിൽ റോഡരികിൽ രണ്ട് സ്വദേശി യുവാക്കൾ പണം വിതരണം ചെയ്യു­ന്ന വിഡിയോയെ അടിസ്ഥാനമാക്കി പോലീസ് അന്വേ­ഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ­യെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാ­ക്കളെ കണ്ടെത്തി കാര്യം അന്വേ­ഷിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു. ജുമാറ ബീച്ച് റെസിഡൻസിനടുത്ത് ഒരു വൈകുന്നേരം പണം വിതരണം ചെയ്യുന്ന വീഡിയോ ആണ് പ്രചാരത്തിലുള്ളത്. മലയാളികളടക്കമുള്ള ഇന്ത്യക്കാർ, ഫിലിപ്പീനികൾ, ടാക്സിഡ്രൈ­വർമാർ, കാൽനടക്കാർ, ഡെലിവറി ബോയ്സ് തുടങ്ങിയവർക്കെല്ലാം പണം വിതരണം ചെയ്തിട്ടുണ്ട്. നടന്നുപോകുന്ന വനിതകളടക്കമുള്ള വിദേശികൾക്കാണ് സമ്മാനമായി ആയിരം ദിർഹം വീതം യുവാക്കൾ വിതരണം ചെയ്തത്.

വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന ഫിലിപ്പീനി യുവതികളും മലയാളി യുവാക്കളുമെല്ലാം ദിർഹം വാങ്ങി പോക്കറ്റിലിട്ടു നടന്നുപോകുന്നു. ഇടയ്ക്ക് ഒരു യുവതി, ‘ഒൺലി ഇൻ ദുബൈ’ എന്ന് അത്ഭുതം കൂറുന്നതും കേൾക്കാം. മോ­ട്ടോർ ബൈക്കിൽ സഞ്ചരിക്കുന്ന ഡെലിവറി ബോയിമാരും ടാക്സി ഡ്രൈ­വർമാരുമെല്ലാം വാഹനം റോഡരികിൽ നിർത്തി പണം വാ­ങ്ങിച്ചു പോകുന്നുണ്ട്. ഇടയ്ക്ക് ഒരു യുവാവ് എന്തിനാണ് ഈ പണം എന്ന് ചോദിക്കു­ന്പോൾ, ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സമ്മാനമെന്നാണ് സ്വദേ­ശി യുവാക്കൾ നൽകുന്ന മറുപടി.

മുറി ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇവർ ആളുകളോട് സംസാരിക്കുന്നത്. ചിലർ അപൂ­ർവ രംഗം മൊ­ബൈലിൽ പകർത്തി. പശ്ചാത്തലത്തിൽ ദുബൈ ട്രാമും പബ്ലിക് ബസുകളും കടന്നുപോകുന്നുണ്ട്. എന്നാൽ, ഇതെപ്പോഴാണ് സംഭവിച്ചതെ­ന്നോ, വീഡിയോയുടെ യാഥാർത്ഥ്യമെന്തെ­ന്നോ വ്യക്തമായിട്ടില്ല. റമസാനിൽ സന്പന്നർ ആളുകൾക്ക് സക്കാത്ത് വിതരണം ചെയ്യാറുണ്ട്. പക്ഷേ, ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

You might also like

Most Viewed