ഫെഡറൽ ബജറ്റിൽ യു.എ.ഇ 197 കോടി ദിർ‍ഹം അധിക തുക വകയിരുത്തി


അബുദാബി : ഈ വർഷത്തെ യു.എ.ഇ ഫെഡറൽ ബജറ്റിൽ 197 കോടി ദിർഹം അധിക തുക വകയിരുത്തി. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. ഇതിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക അനു­വദിച്ചിരിക്കുന്നത്. 2.1 കോടി ദിർഹം. യു.എ.ഇ ബഹിരാകാശ പദ്ധതിക്കാ­യി 35 ലക്ഷം, നാഷനൽ മീഡിയ കൗൺസിലിനു 39 ലക്ഷം, ജനറൽ അതോറിറ്റി ഓഫ് യൂത്ത് ആൻഡ് സ്പോർട്സിന് 69 ലക്ഷം, എമി­റേ­റ്റ്സ് ഡിപ്ലോമാറ്റിക് അക്കാദമിക്ക് 99 ലക്ഷം എന്നിങ്ങനെ­യാണ് തുക വിഭജിച്ചിരിക്കുന്നത്.

ആരോഗ്യത്തിനും വിദ്യാഭ്യാസത്തി­നും സാമൂഹിക വികസനത്തിനും ഊന്നൽ നൽകുന്നതായിരുന്നു കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച 2018ലെ യുഎഇ ബജറ്റ്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി­യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഷാർജയിൽ ചേ­ർന്ന മന്ത്രിസഭാ യോഗമാണ് 2021 വരെയുള്ള ബജറ്റിന് അന്ന് അംഗീ­കാരം നൽകിയത്. 20,100 കോടി ദിർഹമിന്റെ ബജറ്റിൽ 5,140 കോടി ദിർഹമാണ് 2018ലേക്ക് അന്നു നീക്കിവച്ചത്. 2017നെക്കാൾ 5.6 ശതമാനം തുക അധികം വകയിരുത്തിയി­രുന്നു. ബജറ്റ് തുകയിലെ 43 ശതമാനവും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയ്ക്കാണ് നീക്കിവച്ചിരുന്നത്. ഉന്നത വിദ്യാഭ്യാ­സത്തിന് 1040 കോടിയും ആരോഗ്യ മേഖലയ്ക്കു 450 കോടിയും വകയിരുത്തി­യിരുന്നു.

സർക്കാർ മേ­ഖലയ്ക്ക് അനുവദി­ച്ച 2210 കോടി ദിർഹത്തിൽ 350 കോടി ഫെഡറൽ പദ്ധതികൾക്കായി വിനിയോ­ഗിക്കാനായിരുന്നു നിർദേശം. ജനങ്ങളു­ടെ സന്തോഷത്തിനും ക്ഷേമത്തിനും വലിയ പരിഗണന നൽകുന്ന ബജറ്റിൽ രാജ്യത്തിന്റെ ഭാവിക്കും മാനവശേഷി പദ്ധതികൾക്കും ഊന്നൽ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. നടപ്പുവർഷത്തെ ബജറ്റിലാണ് ഇപ്പോൾ 197 കോടി ദിർഹം അധികമായി വകയിരുത്തിയത്.

You might also like

Most Viewed