ഗൾഫിൽ സിനിമാ മേഖലയിൽ വൻ നിക്ഷേപം വരുന്നു


ദുബൈ : ഗൾഫ് രാജ്യങ്ങളിലെ സിനിമാ വ്യവസായത്തിനു വെള്ളിത്തിളക്കമേകി 354 കോടിയിലേറെ ഡോളറിന്റെ (ഏകദേശം 25,600 കോടി രൂപ) പദ്ധതികൾക്കു തുടക്കമാകുന്നു. ഇതിൽ 324 കോടി ഡോളറും സൗദിയിലാണ്. അതിനൂതന സംവിധാനങ്ങളൊടെ കൂടുതൽ സിനിമാശാലകൾ തുടങ്ങും. സൗദിയിൽ 35 വർഷമായി നിലനിന്ന നിരോധനം നീങ്ങിയശേഷം സിനിമാരംഗത്തും അനുബന്ധ മേഖലകളിലും വൻ സംരംഭങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

ദുബൈ കേന്ദ്രമായുള്ള മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ് സൗദിയിൽ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. 600 തിയറ്ററുകൾ തുടങ്ങാനാണു പദ്ധതി. മറ്റു ജി.സി.സി രാജ്യങ്ങളിൽ 30 കോടി ഡോളറിന്റെ നിക്ഷേപം നടത്താനും ധാരണയായി. വോക്സ് സിനിമയുടെ ഉടമസ്ഥരായ മാജിദ് അൽ ഫുത്തൈമിന് മധ്യപൂർവദേശത്ത് ഷോപ്പിംങ് മാൾ, ഹൈപ്പർമാർക്കറ്റ് ശൃംഖലകളുമുണ്ട്. 2030 ആകുമ്പോഴേക്കും സൗദിയിലെ ഡവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്റർടെയ്ൻമെന്റ് കന്പനി 270 കോടി ഡോളറിന്റെ നിക്ഷേപവും നടത്തും. അതോടെ മധ്യ പൂർവദേശത്ത് സിനിമയ്ക്കു വൻ സാധ്യതകളുള്ള രാജ്യമായി സൗദി മാറുമെന്നാണു പ്രതീക്ഷ.

ദുബൈയിൽ അടുത്തമാസം 28, 29 തീയതികളിൽ നടക്കുന്ന മെന സിനിമ ഫോറത്തിൽ പദ്ധതികളുടെ രൂപരേഖയാകും. ചലച്ചിത്ര കലാകാരന്മാർ, നിർമ്മാതാക്കൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ ഉൾപ്പെടെ 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 45 രാജ്യാന്തര പ്രഭാഷകർ ഉണ്ടായിരിക്കും. ചലച്ചിത്ര മേഖലയിലെ സാധ്യതകളും വെല്ലുവിളികളും ചർച്ചചെയ്യും.

You might also like

Most Viewed