ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി എയർ ഇന്ത്യ


ദുബൈ : യുഎഇയിൽ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസ്, എയർ ഇന്ത്യ ഇരട്ടിയായി വർധിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി നാലായിരത്തോളം ദിർഹം നൽകേണ്ടിവരും. അതേസമയം, നിരക്കിൽ നേരത്തെ അനുവദിച്ചിരുന്ന ഇളവ് പിൻവലിച്ചതാണെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

മൃതദേഹങ്ങൾ തൂക്കി വിലപറഞ്ഞ് നാട്ടിലേക്ക് അയക്കുന്ന രീതിക്കെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം നൂറ്റി ഇരുപതു കിലോയോളം വരുമെന്നതിനാൽ, പരമാവധി 1800 ദിർഹമായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. എന്നാൽ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിർഹത്തോളം നല്‍കേണ്ടിവരും. ഇതുകൂടാതെ, ഹാൻഡ്ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിർഹവും അധികം നൽകണം.

മൃതദേഹം തൂക്കി നിരക്കേർപ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവർക്ക് 1000 ദിർഹവും അതിനു മുകളിലുള്ളവർക്ക് 1500 ദിർഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനായി യുഎഇയിലെ സാമൂഹിക പ്രവർത്തകർ നേരത്തെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, അതൊന്നും ഗൗനിക്കാതെ നിരക്ക് വർധിപ്പിച്ചത് പ്രവാസികൾക്ക് കനത്ത ബാധ്യതയാകുമെന്നും വർധനവ് പിൻവലിക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

You might also like

Most Viewed