ഖോർഫക്കാൻ ബീച്ച് മനോഹരമാക്കുന്നു


ഷാർജ : കേരളത്തിൽ നിന്ന് പ്രവാസികൾ പത്തേമാരികളിൽ വന്നിറങ്ങിയ മലയാളികൾക്ക് ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന ഖോർഫക്കാൻ കടൽത്തീരം മനോഹരമാക്കുന്നു. യു.എ.ഇ.യുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികൾക്ക്‌ വിരുന്നൊരുക്കാൻ വേണ്ടിയാണ് ഖോർഫക്കാൻ ബീച്ച് കൂടുതൽ മനോഹരമാക്കുന്നത്. മലയാളസിനിമയിൽ പ്രവാസത്തിന്റെ കഥ പറഞ്ഞ എം.ടി. വാസുദേവൻ നായരുടെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’, സലിം അഹമ്മദിന്റെ ‘പത്തേമാരി’ തുടങ്ങിയ ചിത്രങ്ങൾ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന വിപുലമായ വികസന പദ്ധതി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) പ്രഖ്യാപിച്ചു.

ഖോർഫക്കാൻ മുനിസിപ്പാലിറ്റി, ഷാർജ പൊതുനിർമാണ ഡയറക്ടറേറ് എന്നിവരുമായി ചേർന്ന് രണ്ടു ഘട്ടങ്ങളായിട്ടാണ് ബീച്ച് വികസന പദ്ധതി നടപ്പാക്കുന്നത്. ബീച്ചിന്റെ തെക്കുഭാഗത്ത് തുറമുഖം തൊട്ട് റൗണ്ട് എബൗട്ട് വരെയുള്ള ആദ്യഘട്ടത്തിൽ ആംഫി തിേയറ്റർ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളുണ്ടാവും. കുടുംബസമേതം കാഴ്ചകൾ ആസ്വദിച്ചിരിക്കാനുള്ള പ്രത്യേക പിക്‌നിക് സ്പോട്ടുകൾ, െറസ്റ്റോറന്റുകൾ, കഫെ, ഇസ്‌ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിക്കും.

യു.എ.ഇ.യുടെ കിഴക്കൻ മേഖലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നായ ഖോർഫക്കാനിൽ കൂടുതൽ സൗകര്യമൊരുക്കുന്നതോടെ ലോകമെന്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവുമെന്ന് ശുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. ഖോർഫക്കാന്റെ തനിമ സംരക്ഷിച്ചുകൊണ്ടുതന്നെ മികച്ച നിലവാരത്തിലുള്ള സംവിധാനങ്ങൾ ബീച്ചിലൊരുക്കും. ഇതുവഴി കിഴക്കൻ മേഖലയുടെ ഒന്നടങ്കമുള്ള വികസനത്തിനും വേഗം കൂടും എന്നാണ് പ്രതീക്ഷ.

You might also like

Most Viewed